വോട്ടേഴ്‌സ് ലിസ്റ്റ് യുഡിഎഫിന്് വീണ്ടും തിരിച്ചടിയായി ; കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഇറക്കിയ വി എം വിനുവിനും വോട്ടില്ല ; വോട്ടുചോരി ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് ; ഹൈക്കോടതിയില്‍ പോകും

കോഴിക്കോട്: വോട്ടേഴ്‌സ് ലിസ്റ്റിലെ പേരുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടടയില്‍ വന്‍ വിവാദം നേരിട്ട യുഡിഎഫിന് സമാനഗതി കോഴിക്കോട് കോര്‍പ്പറേഷനിലും. മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച സംവിധായകന്‍ വി എം വിനുവിന് വോട്ടില്ല. പുതിയ പട്ടിക പരിശോധിച്ചപ്പോഴാണ് വി.എം.വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. നേരത്തേ വിഎം വിനുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും കല്ലായി ഡിവിഷനില്‍നിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്.
വിനുവിന് വോട്ടില്ലാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരേ കളക്ടറെ കാണാനും നാളെ രാവിലെ ഹൈക്കോടതിയെ സമീപിക്കാനുമാണ് തീരുമാനം. സിപിഐഎമ്മിന് ജയിക്കാന്‍ വേണ്ടി കരുതിക്കുട്ടി നടത്തിയ നാടകമാണിതെന്നും ആരോപിച്ചു. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഇതെന്ന് വിനു ആരോപിച്ചു.
എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്ന വ്യക്തിയാണ് താനെന്നായിരുന്നു വി എം വിനു പറഞ്ഞത്. തന്റെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അധികാരമെന്നും ഇത് ജനാധിപത്യ രാജ്യമാണോ എന്ന് സംശയമുണ്ടെന്നും പറഞ്ഞു. വികസനമില്ലായ്മക്കെതിരെ മത്സരിക്കാനാണ് താന്‍ തീരുമാനിച്ചത്. മത്സരിക്കുന്നു എന്ന് പറഞ്ഞതോടെ തന്റെ വോട്ട് നിഷേധിക്കപ്പെട്ടന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ താന്‍ മുഴുവന്‍ വാര്‍ഡിലും സജീവമായുണ്ടാകും. സെപ്റ്റംബറിലെ കരട് പട്ടികയില്‍ വോട്ട് ഉണ്ടാവുമെന്നാണ് വിശ്വാസമെന്നും വിനു പറഞ്ഞു.






