അതി ദാരുണം ; കരള്‍പിളരും കാഴ്ചകള്‍ ; സൗദി അപകടത്തില്‍ മരിച്ച 42 പേരെയും തിരിച്ചറിയാനാവാത്ത അവസ്ഥ ; ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കണ്ട്രോള് റൂം തുറന്നു

സൗദി: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ട് മരിച്ച 42 പേരെയും തിരിച്ചറിയാനാവാത്ത അവസ്ഥ. എല്ലാ മൃതദേഹങ്ങളും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ബസിലുണ്ടായിരുന്ന 43 പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും തല്‍ക്ഷണം മരിച്ചു.
ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് കണ്ട്രോള് തുറന്നിട്ടുണ്ട്.
24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
അപകടവിവരമറിഞ്ഞ് മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ സ്ഥലത്തെത്തി.
25 കാരനായ അബ്ദുല്‍ ഷുഹൈബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കയില്‍ നിന്നും ഉംറ നിര്‍വഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ 20 സ്ത്രീകളും 11 പേര് പത്ത് വയസിന് താഴെയുള്ള കുട്ടികളുമാണ്. ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.
മൃതദേഹങ്ങളെല്ലാം മദീന കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. സംഭവം നടന്ന ഉടന്‍ സ്ഥലത്ത് കുതിച്ചെത്തിയ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒരാളെ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.
ദുരന്തത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനുശോചിച്ചു. സംഭവത്തില്‍ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തിയ മന്ത്രി റിയാദ് എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.






