മന്ത്രവാദം കൊണ്ട് മാര്‍ക്ക് കൂടില്ല കുട്ടികളുടെ അച്ഛനമ്മമാരേ; കൊല്ലത്തെ മന്ത്രവാദക്കഥയറിഞ്ഞോ? പരീക്ഷക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്ത് 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍

കൊല്ലം: അരക്കൊല്ല പരീക്ഷയും പത്താം ക്ലാസ് പരീക്ഷയുമൊക്കെ അടുത്തുവരുമ്പോള്‍ പൊന്നുമക്കളുടെ അച്ഛനമ്മമാരോടും രക്ഷിതാക്കളോടും ഒരു കാര്യം പറഞ്ഞോട്ടെ. നന്നായി പഠിച്ചാല്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടും, നന്നായി പരീക്ഷയെഴുതാനും ജയിക്കാനും പറ്റും. അല്ലാതെ മന്ത്രവാദം കൊണ്ടോ ആഭിചാര ക്രിയകള്‍ ചെയ്തതുകൊണ്ടോ നിങ്ങളുടെ മക്കള്‍ക്ക് നന്നായി പരീക്ഷയെഴുതാനോ പരീക്ഷ പാസാകാനോ നല്ല മാര്‍ക്ക് കിട്ടാനോ പോകുന്നില്ല. ഇത്രയും പറഞ്ഞത് കൊല്ലത്തെ ഒരു ആഭിചാരക്രിയയുടെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പറയാനാണ്.
പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് 11വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജസ്വാമി അറസ്റ്റിലായി. ആഭിചാരവും മന്ത്രവാദവും നടത്തിയാല്‍ കുട്ടിക്ക് പരീക്ഷയില്‍ നല്ല മാര്‍ക്കും ഉന്നതവിജയവും നേടാനാകുമെന്ന് കുട്ടിയുടെ രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് ഇയാള്‍ കുട്ടിക്കു നേരെ ലൈംഗീകാതിക്രമത്തിന് മുതിര്‍ന്നത്.
മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്.
ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ചൈല്‍ഡ് ലൈനിനെയും വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി.
കുട്ടിയെ മന്ത്രവാദത്തിനും ആഭിചാരക്രിയക്കുമായി ഈ വ്യാജസ്വാമിയുടെ അടുത്തേക്ക് ഇയാള്‍ തട്ടിപ്പുകാരനാണെന്നറിയാതെ കൊണ്ടുപോയത് കുട്ടിയുടെ അമ്മ തന്നെയാണ്. തന്റെ മകള്‍ക്ക് ഉന്നത വിജയം കിട്ടാന്‍ പൂജയോ മന്ത്രമോ ചരടോ കൂടോത്രമോ എന്താണെന്ന് വെച്ചാല്‍ ചെയ്യാമെന്നു കരുതിയാണ് അവര്‍ കുട്ടിയേയും കൊണ്ടുപോയത്. എന്നാല്‍ സ്വാമിയുടെ യഥാര്‍ഥ സ്വഭാവമറിഞ്ഞപ്പോള്‍ അമ്മയും ഭയന്നുവിറച്ചു.

മറ്റുള്ളവരില്‍ നിന്നും കേട്ടറിഞ്ഞാണ് താാന്‍ മകളേയുംം കൊണ്ട് ഷിനുവിന്റെ അടുത്തേക്ക് എത്തിയതെന്നാണ് അമ്മ പറയുന്നത്.
പൂജ ചെയ്യണം കുറച്ച് പൈസയേ ആകുള്ളുവെന്ന് സ്വാമി പറഞ്ഞത്രെ. ആദ്യം അമ്മ ഒറ്റയ്ക്കും പിന്നീട് മകളേയും കൂട്ടി വരികയായിരുന്നു. മകളോട് ഒറ്റയ്ക്ക് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും പറഞ്ഞ് സ്വാമി കുട്ടിയെയും കൊണ്ട് മുറിയിലേക്ക് പപോവുകയായിരുന്നുവെന്നും അമ്മ പോലീസിനോടു പറഞ്ഞിട്ടുണ്ട്. നല്ല മനുഷ്യനാണെന്ന് കരുതിയാണ് താന്‍ കുട്ടിയെ സ്വാമിക്കൊപ്പം ഒറ്റയ്ക്ക് അയച്ചതെന്നും ഇങ്ങിനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അമ്മ പോലീസിനു മുന്നില്‍ തൊഴഴുകയ്യോടെ വിതുമ്പിക്കൊണ്ട് പറഞ്ഞു.
ഞാന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂറോളം മകള്‍ മുറിയിലായിരുന്നു. പുറത്ത് ഇറങ്ങിയപ്പോള്‍ മകളുടെ മുഖത്ത് ഒരു ഭയമുണ്ടായിരുന്നു. കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സ്വാമി മോശമായി സ്പര്‍ശിച്ചതായി തോന്നിയെന്നും സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്നും മകള്‍ പറഞ്ഞു – അമ്മ വിശദീകരിച്ചു.
പോലീസ് ഷിനുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഷിനുവിന്റെ മുറിയില്‍ നിന്നും പൂജാ സാധനങ്ങളും വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ശംഖ് ജ്യോതിഷം എന്ന പേരിലാണ് ഇയാളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബാധ ഒഴിപ്പിക്കുക എന്ന പേരില്‍ ചൂരല്‍പ്രയോഗവും ഇയാള്‍ നടത്താറുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഇവിടേക്ക് ആളുകള്‍ എത്താറുണ്ടെന്നാണ് പോലീസിന് മനസിലാക്കാനായത്. കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ പലരും പറയുന്നുണ്ടെങ്കിലും ഇയാളോടുള്ള പേടി കാരണം പോലീസില്‍ പരാതി നല്കാന് ആരും തയ്യാറായിട്ടില്ല.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വാമി ഷിനു മുന്‍പ് ടൈല്‍സ് പണിയെടുത്താണ് ജീവിച്ചിരുന്നത് എന്ന് മനസിലായിട്ടുണ്ട്. കുറച്ചു കാലം മുന്‍പാണ് ഇയാള്‍ സ്വാമിയുടെയും മന്ത്രവാദിയുടേയും വേഷത്തിലേക്ക് മാറിയത്. നല്ല പൈസ ആളുകളില്‍ നിന്നും വാങ്ങിയിരുന്നു. 10000 മുതല്‍ ഒരു ലക്ഷം വരെയാണ് ഇയാള്‍ പൂജയ്ക്ക് ഈടാക്കുന്ന ഫീസ്. തന്റെയടുത്തേക്ക് ആളുകളെ എത്തിക്കുന്നവര്‍ക്ക് കമ്മീഷനും നല്കാറുണ്ടത്രെ.
വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്നും കോഴിബലി നടത്തുന്നത് കണ്ടെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തിയിട്ടുണ്ട്. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പണം പോയ പലരും പുറത്തു തുറന്നുപറയാന്‍ മടിക്കുകയാണ്.






