പലസ്തീനില്‍നിന്ന് രേഖകളില്ലാത്ത 150 യാത്രക്കാരുമായി ദുരൂഹ സാഹചര്യത്തില്‍ രണ്ടാമത്തെ വിമാനവും സൗത്ത് ആഫ്രിക്കയില്‍; ഗാസയിലെ മനുഷ്യരെ ഒഴിപ്പിക്കാനുള്ള രഹസ്യ നീക്കമെന്ന് മനുഷ്യാവകാശ സംഘടനകള്‍; യാത്രയ്ക്ക് സൗകര്യമൊരുക്കിയത് ഇസ്രയേല്‍ ബന്ധമുള്ള സംഘടന; വിമാനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങള്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

കെയ്‌റോ: ഗാസയില്‍നിന്നുള്ള 150 പേരുമായി ദുരൂഹ സാഹചര്യത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തെ ചുറ്റിപ്പറ്റി അന്വേഷണം പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. കൃത്യമായ യാത്രാവിവങ്ങള്‍പോലുമില്ലാതെയാണു ജോഹന്നാസ്ബര്‍ഗില്‍ ചാര്‍ട്ടേഡ് വിമാനം ഇറങ്ങിയതെന്നും അന്വേഷണം ആരംഭിച്ചെന്നും പ്രസിഡന്റ് സിറില്‍ റാമഫോസ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ജോഹന്നാസ്ബര്‍ഗിലെ ഒ.ആര്‍. ടാംബോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് വിമാനം എത്തിയത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനായി ഇവരെ 12 മണിക്കൂറോളം വിമാനത്തിലിരുത്തി. ഇവര്‍ക്ക് എവിടെയാണു താമസമൊരുക്കിയതെന്നോ എത്രനാളുണ്ടാകുമെന്നോ വ്യക്തമല്ല. ഇവരുടെ എക്‌സിറ്റ് സ്റ്റാംപും ഇസ്രയേല്‍ നല്‍കിയിട്ടില്ല.
വെള്ളമോ ഭക്ഷണമോ ഇല്ലാതെ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും അടക്കം 153 പേരെ എത്തിച്ചതില്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്‌ളൈറ്റിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പലസ്തീനികളുമായി നെയ്‌റോബിവഴിയാണ് വിമാനമെത്തിയത്. സംശകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യാത്രയ്ക്കു പദ്ധതി തയാറാക്കിയതെന്നാണു പലസ്തീനിയന്‍ എംബസി വ്യക്തമാക്കിയത്. ആളുകളില്‍നിന്ന് പണം വാങ്ങിയശേഷമാണ് ഇവരെ വിമാനത്തില്‍ കയറ്റി വ്യക്തതയില്ലാതെ അയച്ചതെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ഏതു സംഘടനയാണ് എന്നതില്‍ എംബസി വ്യക്തത വരുത്തിയിട്ടില്ല.
എന്നാല്‍, അല്‍-മജ്ദ് എന്ന സംഘടനയാണ് ഇവരെ എത്തിച്ചതെന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കിയത്. ഗാസയില്‍നിന്ന് ഇവരെ ബസില്‍ കെരെം ഷാലോം അതിര്‍ത്തിവരെയെത്തിച്ചശേഷം ഇസ്രയേലിലെ റാമണ്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് വിമാനത്തില്‍ കയറ്റിയതെന്നും പറയുന്നു.
യാത്രികരില്‍ 23 പേരെ മറ്റു രാജ്യങ്ങളിലേക്കു പോകാന്‍ അനുവദിച്ചെങ്കിലും 130 പേരെ ചോദ്യം ചെയ്യലിനായി ഇപ്പോഴും സൗത്ത് ആഫ്രിക്കയില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. യാത്രാരേഖകളില്ലെങ്കിലും ഇവരോടു ബഹുമാനപൂര്‍വമാണ് പെരുമാറുന്നതെന്നും സൗത്ത്ആഫ്രിക്കന്‍ എംബസി വ്യക്തമാക്കി.
ഗാസയില്‍നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായ നീക്കമായിട്ടാണ് ഇതിനെ മനുഷ്യാവകാശ സംഘടനകള്‍ വിശേഷിപ്പിക്കുന്നത്. നേരത്തേ, സമാനമായ പദ്ധതി ഇസ്രയേല്‍ മുന്നോട്ടുവച്ചിരുന്നു. ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്തേക്ക് ഇവരെ പാര്‍പ്പിക്കാനായിരുന്നു പദ്ധതി. പലസ്തീന്‍ അതിര്‍ത്തിയിലുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കോഗാറ്റ് ആണ് ഇക്കാര്യത്തിലും വിശദീകരണം നല്‍കേണ്ടത്. മൂന്നാം രാജ്യം ഇവരെ സ്വീകരിക്കാന്‍ തയാറാകുകയാണെങ്കില്‍ രാജ്യം വിടാന്‍ അനുവദിക്കുമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ വിമാനം കയറിയതെന്നും കോഗാറ്റ് ചൂണ്ടിക്കാട്ടുന്നു. സമാന കരാറിന്റെ അടിസ്ഥാനത്തില്‍ യുദ്ധമാരംഭിച്ചശേഷം 40,000 പലസ്തീനികളെങ്കിലും രാജ്യംവിട്ടിട്ടുണ്ട്.
എന്നല്‍, അല്‍-മജദ് എന്ന സംഘടനയ്ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്നും ഗാസയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നും സൗത്ത് ആഫ്രിക്കന്‍ എന്‍ജിഒകള്‍ ആരോപിക്കുന്നു. ഇവരുടെ പക്കല്‍ തെളിവുകളില്ലെങ്കിലും ഇതേക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഒക്‌ടോബര്‍ 28നും ഇത്തരത്തില്‍ ഒരു വിമാനം സൗത്ത് ആഫ്രിക്കയില്‍ ലാന്‍ഡ് ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് ഇവരെ എവിടേക്കാണ് എത്തിക്കുന്നതെന്ന വിവമില്ലായിരുന്നെന്നും 170 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്‌സ് എന്ന സംഘടനയുടെ സ്ഥാപകനായ ഇംതിയാസ് സൂലിമാന്‍ പറഞ്ഞു.
സൗത്ത് ആഫ്രിക്ക പലസ്തീനെ ശക്തമായി പിന്തുണയക്കുന്ന രാജ്യമാണ്. ഇസ്രയേലിനെതിരേ രാജ്യാന്തര കോടതിയില്‍ വംശഹത്യ ആരോപണവും ഇവര്‍ ഉന്നയിച്ചിരുന്നു.
അല്‍-മജദിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ഇവര്‍ മനുഷ്യാവകാശ സംഘടനയാണെന്നാണ് പറയുന്നത്. നേരത്തെയും ഇവര്‍ പലസ്തീനികളെ രാജ്യത്തിനു പുറത്തെത്തിച്ചിട്ടുണ്ട്. 2020ല്‍ ജര്‍മനയില്‍ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം ഇപ്പോള്‍ ജെറുസലേമാണ്. എന്നാല്‍, സൈറ്റില്‍ ഇവരെ ബന്ധിപ്പിക്കുന്ന ഫോണ്‍ നമ്പരുകളോ വിലാസമോ ഇല്ല. 15 ഇന്റര്‍നാഷണല്‍ ഏജന്‍സികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നും പറയുന്നു.






