ട്രംപിന്റെ ഗാസ കരാര്‍ ഇഴയുമ്പോള്‍ മെല്ലെ പിടിമുറുക്കി ഹമാസ്; സിഗരറ്റ് മുതല്‍ ചിക്കന്‍ വരെയുള്ളവയ്ക്ക് അധിക നികുതി ചുമത്തിത്തുടങ്ങി; എല്ലാ വഴികളിലും ചെക്ക് പോയിന്റുകള്‍; കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പകരം നിയമനം; ശമ്പളവും പുനര്‍ നിര്‍ണയിച്ചു
ഗാസയിലെ ഇരുപതു ലക്ഷത്തോളം ആളുകളില്‍ ഭൂരിപക്ഷവും ഇപ്പോഴും ജീവിക്കുന്നത് ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. ഈ മേഖലകള്‍കൂടി പിടിച്ചെടുക്കുമെന്ന ഘട്ടത്തിലാണ് ട്രംപിന്റെ നേതൃത്വത്തില്‍ കരാര്‍ കൊണ്ടുവരുന്നതും ഇസ്രയേല്‍ പിന്മാറുന്നതും. കരാറിന്റെ സാധുത സംശയത്തിലായതിനാല്‍ ഇസ്രയേല്‍ ഇപ്പോഴും ഗണ്യമായ മേഖലയില്‍ ജാഗരൂകരാണ്.

കെയ്റോ: അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറിന്റെ രണ്ടാം ഘട്ടം ഇഴയുമ്പോള്‍ ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ മെല്ലെ പിടിമുറുക്കുന്നെന്നു റിപ്പോര്‍ട്ട്. ചിക്കന്‍ വില നിയന്ത്രിക്കുന്നതു മുതല്‍ സിഗരറ്റിന് കൂടുതല്‍ നികുതി ചുമത്തുന്നതടക്കം ഗാസന്‍ ജനതയ്ക്കു മുകളില്‍ വീണ്ടും പിടിമുറുക്കുന്നെന്നാണു റിപ്പോര്‍ട്ട്.
കഴിഞ്ഞമാസം വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ ഗാസയുടെ നിശ്ചിത ദൂരത്തിലേക്കു പിന്‍വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ഗാസയിലെ തദ്ദേശീയ ഗോത്ര വിഭാഗത്തെ അടിച്ചമര്‍ത്തുന്നത് ആരംഭിച്ച ഹമാസ്, പരസ്യമായ വധശിക്ഷകളും നടപ്പാക്കിയിരുന്നു. ഇസ്രയേല്‍ സൈന്യത്തിനുനേരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ചതോടെ തല്‍ക്കാലത്തേക്ക് ആഭ്യന്തര ഭരണത്തിലേക്കു ശ്രദ്ധയൂന്നുകയാണ് ഹമാസ് എന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് കരാര്‍ അനുസരിച്ച് ഹമാസിനെ നിരായുധീകരിക്കണമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍. അവര്‍ മെല്ലെ അധികാരം സ്ഥാപിച്ചു തുടങ്ങിയെന്നു ഗാസയില്‍നിന്നുള്ള ജനങ്ങളെ ഉദ്ധരിച്ചാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ധനം, സിഗരറ്റ്, ചിക്കന്‍ എന്നിവയ്ക്കു നികുതി ചുമത്തുന്നതിനൊപ്പം ഇവിടേക്കെത്തുന്ന ചരക്കുകള്‍ക്കും കൂടുതല്‍ തുക ചുമത്തുന്നെന്നാണു ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഹമാസിന്റെ മാധ്യമ വിഭാഗം മേധാവി ഇസ്മയില്‍ അല്‍-തവാബ്ത ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഗാസയിലെ വില നിയന്ത്രിക്കാനുള്ള ഇടപെടല്‍ മാത്രമാണു നടത്തുന്നതെന്നും പുതിയ സര്‍ക്കാരിനെ അധികാരമേല്പ്പിക്കുന്നതിനു ഹമാസിനു തടസമില്ലെന്നും അധികാരക്കൈമാറ്റം അനായാസമായി നടത്തുകയെന്നതാണു ലക്ഷ്യമെന്നും ഇസ്മായില്‍ പറയുന്നു.
എന്നാല്‍, ഗാസ മാളിലടക്കമുള്ളവര് പറയുന്നത് വില കുത്തനെ ഉയരുന്നു എന്നാണ്. വില സ്ഥിരത ഉറപ്പാക്കുന്നതിനു പകരം അനുദിനം വര്‍ധിക്കുന്നു. ആളുകള്‍ക്ക് ഇപ്പോഴും സ്ഥിര വരുമാനമില്ല. എന്നാല്‍, വിലയില്‍ കുറവുമില്ല. തണുപ്പുകാലംകൂടി വരുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്നും വ്യാപാരികള്‍ പറയുന്നു.
ഗാസയിലെ ഇരുപതു ലക്ഷത്തോളം ആളുകളില്‍ ഭൂരിപക്ഷവും ഇപ്പോഴും ജീവിക്കുന്നത് ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. ഈ മേഖലകള്‍കൂടി പിടിച്ചെടുക്കുമെന്ന ഘട്ടത്തിലാണ് ട്രംപിന്റെ നേതൃത്വത്തില്‍ കരാര്‍ കൊണ്ടുവരുന്നതും ഇസ്രയേല്‍ പിന്മാറുന്നതും. കരാറിന്റെ സാധുത സംശയത്തിലായതിനാല്‍ ഇസ്രയേല്‍ ഇപ്പോഴും ഗണ്യമായ മേഖലയില്‍ ജാഗരൂകരാണ്.
ഹമാസ് അധികച്ചുങ്കം ഈടാക്കുന്നതുകൊണ്ടാണ് ഒരിക്കലും അവര്‍ക്കു ഭരിക്കാന്‍ അവകാശമില്ലെന്നു വ്യക്തമാക്കുന്നതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ട്രംപിന്റെ പദ്ധതി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചാല്‍ മാത്രമാണ് പുതിയ ഗാസ സര്‍ക്കാരിനെ ചുമതലയേല്‍പ്പിക്കാന്‍ കഴിയൂ. ഒന്നിലേറെ രാജ്യങ്ങളുടെ സഹകരണത്തില്‍ സൈന്യത്തിന്റെ രൂപീകരണവും നിര്‍ണായകമാണ്. പലസ്തീന് അഥോറിട്ടിക്കു ഭരണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ടെങ്കിലും ഇക്കാര്യം സാധ്യമല്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് അധികാരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അവരുടെ പ്രവൃത്തികളെന്നും ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഹമാസ് നിയന്ത്രിത മേഖലകളിലേക്ക് എത്തുന്ന എല്ലാ ചരക്കുകളും ഹമാസിന്റെ നിയന്ത്രണത്തിലാണ്. എല്ലാ വഴികളിലും ചെക്ക്പോയിന്റുകളും ആരംഭിച്ചിട്ടുണ്ട്. ട്രക്കുകള്‍ തടയുകയും ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. വിലയില്‍ വര്‍ധന വരുത്തുന്നതു തടയുന്നുണ്ടെങ്കിലും യുദ്ധമാരംഭിക്കുന്നതിനു മുമ്പുള്ള വിലയെ അപേക്ഷിച്ച് ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. അമ്പതിനായിരം പോലീസുകാരുള്പ്പെടെയുള്ളവരാണ് ഗാസ യുദ്ധത്തിനു മുമ്പ് നിയന്ത്രിച്ചിരുന്നത്. ഇതില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. യുദ്ധ സമയത്തും ഇവര്‍ക്ക് ഹമാസ് ശമ്പളം നല്‍കിയിരുന്നു. നിലവില്‍ പ്രതിമാസം 470 ഡോളര്‍ വീതം നല്‍കുന്നുണ്ട്. ഹമാസ് ശമ്പളം നല്കാന് വന്‍തോതില്‍ പണം ശേഖരിച്ചിരുന്നു എന്നതാണ് ഇതു വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ട റീജണല്‍ ഗവര്‍ണര്‍മാര്‍ക്കു പകരം ആളുകളെയും നിയമിച്ചിട്ടുണ്ട്. ഗാസ പോളിറ്റ് ബ്യൂറോയില്‍നിന്ന് കൊല്ലപ്പെട്ട 11 പേര്‍ക്കു പകരവും ആളെ നിയോഗിച്ചു. ഹമാസ് തുടര്‍ന്നും അധികാരം കൈപ്പിടിയിലാക്കുമെന്നതാണ് ഇതു സൂചിപ്പിക്കുന്നത് പേരു വെളിപ്പെടുത്താത്ത ഗാസ ആക്ടിവിസ്റ്റും വ്യക്തമാക്കി.






