മുണ്ടു കണ്ടാലറിയാം ഏതാണ് പാര്‍ട്ടിയെന്ന്; തെരഞ്ഞെടുപ്പായില്ലേ… പാര്‍ട്ടികള്‍ക്ക് ചിഹ്നമുണ്ട്; ഉടുത്തു നടക്കാന്‍ ചിഹ്ന’മുണ്ടും’

പാലക്കാട്: മുണ്ടു കണ്ടാലറിയാം ഏതാണ് പാര്‍ട്ടിയെന്ന്. അതാണ് പാലക്കാടു നിന്നും ഈ തെരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി മുണ്ടുകള്‍. പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട് എന്ന് പറയും പോലെ പാര്‍ട്ടികള്‍ക്ക് ചിഹ്നമുണ്ട്, ഉടുത്തുനടക്കാന്‍ ചിഹ്നമുണ്ടുണ്ട്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പാര്‍ട്ടികളെല്ലാം പ്രചരണത്തിന്റെ കളത്തില്‍ സജീവമാകുമ്പോള്‍ പ്രചരണത്തിന് ഉടുത്തു നടക്കാന്‍ ചിഹ്നമുണ്ട് വിപണിയില്‍.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത മുണ്ടുകളാണ് വിപണിയില്‍ പുതിയ തരംഗമാകുന്നത്.
മുണ്ടിന്റെ കരയുടെ സ്ഥാനത്താണ് ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്തിട്ടുള്ളത്.
കൈപ്പത്തി, അരിവാള്‍ ചുറ്റിക നക്ഷത്രം, താമര, അരിവാള്‍ നെല്‍തിര്‍, കോണി തുടങ്ങിയ ചിഹ്നങ്ങള്‍ എല്ലാം ചിഹ്ന മുണ്ടിലുണ്ട്. പാര്‍ട്ടി ചിഹ്നമുള്ള ഈ കോട്ടണ്‍ ഒറ്റമുണ്ടുകള്‍ക്ക് 200 രൂപയാണ് വില.

പാലക്കാട് ചെര്‍പ്പുളശ്ശേരി മാവുണ്ടിരികടവ് മാരായമംഗലം കൈത്തറിക്കടയിലാണ് ചിഹ്ന മുണ്ടുകള്‍ വില്പനയ്ക്ക് എത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും ചിഹ്ന മുണ്ടുകള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്ന് കടയുടമ ഗിരീഷ് പറഞ്ഞു.
ഹോള്‍സെയില്‍ നിരക്കിന് വ്യത്യാസമുണ്ട്.
കോയമ്പത്തൂരില്‍ നിന്നാണ് ചിഹ്നമുണ്ട് പ്രിന്റു ചെയ്തുവരുന്നത്. ഓണക്കച്ചവടമൊക്കെ കഴിഞ്ഞിരിക്കുമ്പോള്‍ ഗിരീഷിന്റെയും കോയമ്പത്തൂരില്‍ ഡിസൈന്‍ പ്രിന്റു ചെയ്തുകൊടുക്കുന്നയാളുടെയും തലയിലുദിച്ച ഒരു ഐഡിയയാണ് തെരഞ്ഞെടുപ്പ് കാലത്ത് ചിഹ്നമുണ്ട് വിപണിയിലിറക്കിയാലോ എന്ന്.
ആളുകള്‍ വാങ്ങിയില്ലെങ്കില്‍ മുണ്ടുമുറുക്കിയെടുക്കേണ്ടി വരുമെന്ന ആശങ്കയുള്ളതിനാല്‍ ആദ്യം കുറച്ചു ചിഹ്നമുണ്ടുകള് മാത്രമേ പ്രിന്റു ചെയ്തിറക്കിയുള്ളു. എന്നാല്‍ ചിഹ്നമുണ്ട് വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. അപ്പോള്‍ കൂടുതല്‍ ചിഹ്ന മുണ്ടുകള്‍ ഇറക്കി.
ഒരു ചെറിയ വീഡിയോ എടുത്ത് വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ് ചെയ്തതോടെ ചിഹ്നമുണ്ട് പാന്‍ കേരളയായി മാറി.






