വരാന്‍ പോകുന്നത് ഡിസംബര്‍ 6; രാജ്യമെങ്ങും കനത്ത ജാഗ്രത; ഭീകരര്‍ ആസൂത്രണം ചെയ്ത സ്‌ഫോടനപദ്ധതികള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം;a കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു

ന്യൂഡല്‍ഹി : ബാബ്‌റി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായ വിവരങ്ങള്‍ ഡല്‍ഹി സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ഇന്ത്യയൊട്ടാകെ കനത്ത ജാഗ്രത.
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ടും അല്ലാതെയും കസ്റ്റഡിയിലെടുത്തിട്ടുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളവര്‍ ഡിസംബര്‍ ആറിന് സ്‌ഫോടനപരമ്പരര നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ട വിവരം പുറത്തുവരുന്നുണ്ട്.
അതുകൊണ്ടുതന്നെ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍, മെട്രോ അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ എന്നിവയെല്ലാം കനത്ത സുരക്ഷാവലയത്തിലാക്കും.
പതിവ് പട്രോളിംഗ് കൂടുതല്‍ വ്യാപിപ്പിക്കും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികളും പോലീസും പിടികൂടിയിട്ടുള്ള ഭീകരവാദികള്‍ക്ക് പുറമെ വേറെയു ഭീകരര്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ ഡല്‍ഹിക്കു പുറമെ മറ്റിടങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലെടുത്തവര്‍ സ്‌ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായും ഒരേസമയം 4 നഗരങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടിരുന്നുവെന്നും രണ്ടു പേരടങ്ങുന്ന 4 സംഘങ്ങളായി സ്‌ഫോടനം നടത്താന്‍ ആയിരുന്നു ഇവരുടെ ശ്രമമെന്നും പോലീസ് പറയുന്നു. ഇതിനായി സിഗ്‌നല്‍ ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയവിനിമയമെന്നും പൊലീസ് പറയുന്നു. സമാന സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട ഇവര്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. അങ്ങിനെ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിട്ടുണ്ടോ എന്ന ചോദ്യവും വളരെ പ്രധാനപ്പെട്ടതാണ്.
ഐ 20, എക്കോസ്‌പോര്‍ട്ട് കാറുകള്‍ക്ക് പുറമേ രണ്ടു വാഹനങ്ങള്‍ കൂടി കസ്റ്റഡിയിലെടുത്തവര്‍ വാങ്ങിയതായാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇവയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതി ഇട്ടിരുന്നതായാണ് നിഗമനം. ഇവര്‍ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഡല്‍ഹി സ്‌ഫോടന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. രണ്ടിലേറെ ഡോക്ടര്‍മാര്‍ കൂടി നെറ്റ്‌വര്‍ക്കിലുണ്ടെന്നാണ് നിഗമനം. ഹരിയാനയില്‍ അമ്പതിലധികം പേരെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ കാര്‍ ഓടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധന ഫലം റിപ്പോര്‍ട്ട് പുറത്തുവന്നു.






