പിഎം ശ്രീയിലെ എതിര്‍പ്പില്‍ സിപിഎം കലിപ്പില്‍; തെരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചു കാലുവാരുമെന്ന് സിപിഐയ്ക്ക് ഭയം; തദ്ദേശത്തില്‍ നിര്‍ണായകമാകുക സിപിഎം വോട്ടുകള്‍; സിപിഐ ജില്ലാ കമ്മിറ്റികളില്‍ സജീവ ചര്‍ച്ച

തിരുവനന്തപുരം: പിഎംശ്രീ വിഷയത്തില്‍ എടുത്ത നിലപാടില്‍ നിന്നും പിന്തിരിയേണ്ടി വന്നതിന്റെ ചൊരുക്ക് സിപിഎം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളോടു തീര്‍ക്കുമോ എന്ന ആശങ്കയില്‍ സിപിഐ സ്ഥാനാര്‍ഥികള്‍.
സിപിഐ യുടെ ഒറ്റ കടുംപിടുത്തത്തില്‍ പിഎംശ്രീ പദ്ധതിയില്‍ നിന്ന് പിറകോട്ടു പോകേണ്ടി വരികയും ഒപ്പിട്ട കരാര്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കേണ്ടി വന്നതുമെല്ലാം സിപിഎമ്മിന് കനത്ത നാണക്കേടുണ്ടാക്കിയിരുന്നു.
മന്ത്രിമാരുടെ രാജി ഭീഷണിയടക്കമുയര്‍ത്തി സിപിഐ പിഎംശ്രീ കരാറില്‍ സിപിഎം ഒപ്പിട്ടതിനെ പ്രതിരോധിച്ചപ്പോള്‍ സിപിഎമ്മിന് സിപിഐ ഉന്നയിച്ച ആവശ്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഇത് സിപിഎമ്മിനുള്ളില്‍ സിപിഐക്കെതിരെ ശക്തമായ എതിര്‍പ്പും പ്രതിഷേധവുമുയര്‍ത്തിയിരുന്നു. എന്നാല്‍ എതിര്‍ക്കാന്‍ നിന്നാല്‍ പണി കിട്ടുമെന്നതിനാല്‍ തല്ക്കാലം പിന്മാറുകയെന്ന നിലപാട് മാത്രമേ സിപിഎമ്മിന് കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നുള്ളു.

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതംവെപ്പില്‍ സിപിഎം ഉടക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഘടകകക്ഷികള്‍ക്കെല്ലാം തര്‍ക്കങ്ങളില്ലാതെ സീറ്റുകള്‍ നല്കി സിപിഎം സീറ്റ് വിഭജനം ഭംഗിയായി പങ്കിട്ടിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പിഎംശ്രീ പദ്ധതിയുടെ പേരിലുള്ള തര്‍ക്കങ്ങളും പഴിചാരലും ആരോപണമുന്നയിക്കലുമെല്ലാം തുടരുന്ന സാഹചര്യത്തിലാണ് സിപിഐ സ്ഥാനാര്‍ഥികള്‍ സിപിഎം കാലുവാരുമോ എന്ന ആശങ്ക രഹസ്യമായി പ്രകടിപ്പിക്കുന്നത്. കൂട്ടുത്തരവാദിത്വമുള്ള മുന്നണിയില്‍ അങ്ങിനെയൊന്നും സംഭവിക്കില്ലെന്നും ആശങ്ക വേണ്ടെന്നും സിപിഐയിലെ ഒരു വിഭാഗം പറയുമ്പോഴും പലര്‍ക്കും സിപിഎം ചൊരുക്ക് തീര്‍ക്കുമോ എന്ന പേടിയുണ്ട്.
പിഎംശ്രീ വിഷയത്തില്‍ ഇപ്പോഴും മന്ത്രി വി.ശിവന്‍കുട്ടി സിപിഐക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും കുറ്റാരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര ഫണ്ട് കിട്ടാതെ പോയാല്‍ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കില്ലെന്നും തനിക്കതിന് ബാധ്യതയില്ലെന്നും അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണമെന്നുമാണ് ശിവന്‍കുട്ടി പറയുന്നത്. കേന്ദ്രഫണ്ട് കിട്ടാതെ പോയാല്‍ അതിന്റെ ഉത്തരവാദിത്വം പിഎംശ്രീ പദ്ധതിക്ക് ഉടക്കുവെച്ച സിപിഐഐക്കാണെന്ന് ഇതിലൂടെ വിദ്യാഭ്യാസമന്ത്രി പരോക്ഷമായി പറഞ്ഞിരിക്കുകയാണ്.
ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തില്‍ നിന്നും സിപിഎം പഠിക്കേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി പറയുമ്പോള്‍ അതും ചെന്നുകൊള്ളുന്നത് സിപിഐക്കാണ്.
ഇത്തരത്തില്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും കുറ്റപ്പെടുത്തലും വാക്ആക്രമണങ്ങളും തുടരുമ്പോഴാണ് സിപിഐ സ്ഥാനാര്‍ഥികള്‍ ആശങ്കയിലാകുന്നത്. സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നയിടങ്ങളില്‍ പ്രചരണത്തിനടക്കം സിപിഎം എങ്ങിനെ സഹകരിക്കുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്.






