Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

തൊഴില്‍ രഹിതരുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ ഇന്ത്യ സഖ്യത്തിന്; എന്‍ഡിഎയ്ക്ക് 43 ശതമാനം വോട്ട് വിഹിതം; ഇന്ത്യ മുന്നണിക്ക് 41 ശതമാനം; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പുതിയ സര്‍വേ; 122 സീറ്റ് നേടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാം

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇഞ്ചോടിഞ്ചെന്ന് ആക്‌സിസ് മൈ ഇന്‍ഡ്യ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ 121 മുതല്‍ 141 വരെ സീറ്റുകള്‍ നേടുമെന്നും ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇന്‍ഡ്യാ സഖ്യം 98 മുതല്‍ 118 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സര്‍വേ ഫലം പറയുന്നു. ഒബിസി, എസ്.സി., ജനറല്‍ വിഭാഗങ്ങളുടെ വോട്ടുകള്‍ എന്‍ഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.

തൊഴില്‍രഹിതര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ പിന്തുണ മഹാസഖ്യത്തിനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ തുടങ്ങിയവരുടെ പിന്തുണ എന്‍ഡിഎക്കാണെന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് ഇന്‍ഡ്യ സഖ്യത്തിന് യാദവ, മുസ്ലീം സമുദായങ്ങളുടെ പിന്തുണ ലഭിക്കും. എന്‍ഡിഎക്ക് 43 ശതമാനം വോട്ടുവിഹിതവും ഇന്‍ഡ്യ സഖ്യത്തിന് 41 ശതമാനം വോട്ടുവിഹിതവും പ്രവചിക്കപ്പെടുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

Signature-ad

130 ലേറെ സീറ്റുകളാണ് മറ്റ് പല എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് ബിഹാറില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇന്‍ഡ്യ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്സിറ്റ് പോളുകള്‍ മാത്രമാണ്. ചില എക്സിറ്റ് പോളുകള്‍ ജന്‍ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് ഓരു സീറ്റ് പോലും ലഭിക്കില്ലെന്ന പോള്‍ ഫലമാണ് പുറത്തുവിടുന്നത്.

ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്‌കര്‍, ഡി വി റിസേര്‍ച്ച്, ജെവിസി, മാട്രിസ്, പി മാര്‍ക്, പീപ്പിള്‍ ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍ അടക്കം പുറത്തുവന്ന സര്‍വേ ഫലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മുഖമായ എന്‍ഡിഎ സഖ്യത്തിന് 130 ല്‍ കുറയാത്ത സീറ്റ് നിലയാണ് പ്രവചിക്കുന്നത്.

ബിഹാറില്‍ രണ്ടാംഘട്ടങ്ങളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ രണ്ടാംഘട്ടത്തില്‍ 64.14 ശതമാനമായിരുന്നു പോളിംഗ്. നവംബര്‍ 14-നാണ് ഫലപ്രഖ്യാപനം.

243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാം. കഴിഞ്ഞദിവസം പുറത്തുവന്ന വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കൃത്യമായ മുന്‍തൂക്കം പ്രവചിച്ചിരുന്നു.

243 അംഗ നിയമസഭയില്‍ എന്‍ഡിഎ പരമാവധി 167 സീറ്റുവരെ നേടുമെന്നായിരുന്നു കഴിഞ്ഞദിവസത്തെ എക്സിറ്റ് പോള്‍ ഫലങ്ങളിലുണ്ടായിരുന്നത്. ഇതില്‍ ചാണക്യ സ്ട്രാറ്റജീസിന്റെ എക്സിറ്റ് പോളില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം (130 മുതല്‍ 138 വരെ) പ്രവചിച്ചിരുന്നത്. മഹാസഖ്യത്തിന് പരമാവധി 108 സീറ്റുകള്‍ മാത്രമാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പറഞ്ഞിരുന്നത്. ബിഹാറില്‍ രണ്ടുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ആകെ 66.91 ശതമാനമായിരുന്നു പോളിങ്. ഇത് ബിഹാറിന്റെ ചരിത്രത്തിലെ ഉയര്‍ന്ന പോളിങ് ശതമാനമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: