ലക്ഷം ശമ്പളം വാങ്ങുന്നത് പോര! താത്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ചോദിച്ചത് 5 ലക്ഷം; വിലപേശി ഒന്നരലക്ഷത്തില്‍ എത്തിച്ചു; 90,000 രൂപ കൈമാറുമ്പോള്‍ കൈയോടെ പൊക്കി; കെഎസ്ഇബി എന്‍ജിനീയര്‍ അറസ്റ്റില്‍

കൊച്ചി: താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. തേവരയിലെ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ പ്രദീപാണ് 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.
ഒന്നര ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചതിന്റെ ആദ്യ ഗഡുവായ 90,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇയാൾ വിജിലൻസ് വലയിലായത്. കൊച്ചിയിലെ അപ്പാർട്ട്മെൻ്റിൻ്റെ താൽക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥൻ കോഴ ആവശ്യപ്പെട്ടത്. കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് ഏകദേശം 10 ലക്ഷം രൂപയോളം വിലവരുന്ന ഒരു എക്യുപ്മെൻ്റ് സ്ഥാപിക്കേണ്ടതുണ്ട്. ഇത് ഒഴിവാക്കി അനുമതി നൽകാം എന്ന് വാഗ്ദാനം നൽകിക്കൊണ്ട് അഞ്ചു ലക്ഷം രൂപയാണ് പ്രദീപ് ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്.
തുടർന്ന് നടന്ന വിലപേശലിനൊടുവിൽ ഇത് ഒന്നര ലക്ഷം രൂപയായി കുറച്ചു. ഇതിന്റെ ആദ്യ ഗഡുവായ 90,000 രൂപ കൈപ്പറ്റാനായി തേവര ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് വിജിലൻസ് ഇയാളെ കുടുക്കിയത്. തേവര പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള ബസ് സ്റ്റാൻഡിൽ വെച്ച് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം ബസ്സിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വളഞ്ഞത്.
പ്രദീപനെക്കുറിച്ച് മുൻപും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. വൈദ്യുതി കണക്ഷൻ സംബന്ധിച്ച ഇടപാടുകൾക്ക് ഇയാൾ വലിയ തോതിൽ കൈക്കൂലി വാങ്ങിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.






