രാജ്യമെങ്ങും കനത്ത ജാഗ്രത ; ഡല്‍ഹിയില്‍ സ്‌ഫോടനം ; എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം ; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു; സ്‌ഫോടനം നടന്നത് ചെങ്കോട്ട മെട്രോ സ്്‌റ്റേഷനു സമീപം ഡല്‍ഹിയില്‍ റെഡ് അലെര്‍ട്ട് ; മുംബൈയിലും സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. രാജ്യമെങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം. ഡല്‍ഹിയില്‍ അതീവ ജാഗ്രത.
ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫഫോടനമുണ്ടായത്.

ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം നടന്നത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കത്തി. എട്ട് കാറുകള്‍ കത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്‍എസ്ജി ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി അമിത്ഷാ ഡല്‍ഹി പോലീസ് കമ്മീഷണറുമായി സംസാരിച്ചു.
സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55ഓടെയായിരുന്നു സ്ഫോടനം. ജനത്തിരക്കുള്ള മേഖലയില്‍ നിര്‍ത്തിയിട്ട മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പരിക്കേറ്റവരെ ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഭീകരാക്രമണമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. എന്‍ഐഎയും സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്. സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. നഗരത്തില്‍ മുംബൈ പോലീസ് സുരക്ഷ കര്‍ശനമാക്കി.






