കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമം ; കൊല്ലാന്‍ ശ്രമിച്ചത് പോക്കറ്റടി എതിര്‍ത്തപ്പോള്‍ ; പൊള്ളലേറ്റയാള്‍ ഗുരുതരാവസ്ഥയില്‍ ; അക്രമി അറസ്റ്റില്‍

കൊച്ചി: തെരുവോരത്ത് കിടന്നുറങ്ങിയിരുന്നയാളെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. കിടന്നുറങ്ങിയിരുന്നയാളുടെ പോക്കറ്റടിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് കൊലപാതകശ്രമത്തിന് കാരണം.
കടവന്ത്രയില്‍ തെരുവില്‍ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊച്ചി സ്വദേശി ആന്റപ്പന്‍ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ജോസഫിന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇരുവരും തെരുവില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ ജോസഫിന്റെ പോക്കറ്റില്‍ നിന്ന് പണം കവരാന്‍ ആന്റപ്പന്‍ ശ്രമിച്ചപ്പോള്‍ ജോസഫ് ഇത് ചെറുത്ത് ചോദ്യം ചെയ്ത് തര്‍ക്കമുണ്ടായതോടെയാണ് സംഭവം.
തുടര്‍ന്ന് പെട്രോളുമായി വന്ന് ആന്റപ്പന്‍ ജോസഫിനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ജോസഫിനെ തീ കൊളുത്തിയ ശേഷം രക്ഷപ്പെട്ട ആന്റപ്പനെ പോലീസ് പിടികൂടി അറസ്റ്റു ചെയ്തു.





