ചൂട് തട്ടിയാല്‍ ഉഗ്ര സ്‌ഫോടനം; ഫ്യൂസായി ഉപയോഗിച്ചത് ട്രയാസെറ്റോണ്‍ ട്രൈ പെറോക്‌സൈഡ്; ‘സാത്തന്റെ അമ്മ’യെന്ന് അന്വേഷണ സംഘം; ഭീകര സംഘടനയ്ക്കുള്ളില്‍ വ്യാപക ഉപയോഗം

ഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിനായി ഡോക്ടര്‍ ഉമര്‍ നബി ഉപയോഗിച്ചത് ‘സാത്താന്‍റെ അമ്മ’ എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ട്രയാസെറ്റോണ്‍ ട്രൈ പെറോക്‌സൈഡ്
രാസവസ്തുവെന്ന് ഫൊറന്‍സിക് വിദഗ്ധരുടെ അനുമാനം. കേവലം ചൂട് തട്ടിയാല്‍ തന്നെ പൊട്ടിത്തെറിക്കുന്നതാണ് ഇതെന്നും അത്യുഗ്രശേഷിയാണ് ടിഎടിപിക്കുള്ളതെന്നും വിദഗ്ധര്‍ പറയുന്നു. ടിഎടിപിയും അമോണിയം നൈട്രേറ്റും ചേര്‍ത്താണോ സ്ഫോടനത്തിന് ഉപയോഗിച്ചതെന്നതില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.
അങ്ങേയറ്റം സെന്‍സിറ്റീവാണ് ടിഎടിപി എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉരസല്‍, നേരിയ സമ്മര്‍ദം, ചൂട് എന്നിങ്ങനെ നിലവിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഏത് മാറ്റവും ഇത് പൊട്ടിത്തെറിക്കുന്നതിന് കാരണമാകും. അമോണിയം നൈട്രേറ്റിന് ഡിറ്റണേറ്റര്‍ ആവശ്യമാണെങ്കില്‍ സ്ഫോടനം നടത്തുന്നതിനായി ടിഎടിപിക്ക് അതുപോലും വേണ്ടെന്ന് സാരം.
ലോകത്തെങ്ങുമുള്ള അനധികൃത ബോംബ് നിര്‍മാണ പ്രക്രിയയില്‍ പ്രത്യേകിച്ചും ഭീകരസംഘങ്ങള്‍ക്കിടയില്‍ വ്യാപക പ്രചാരമാണ് ടിഎടിപിക്കുള്ളത്. അതുതന്നെയാണ് ‘സാത്താന്‍റെ അമ്മ’യെന്ന പേരും ഇതിന് ചാര്‍ത്തിക്കിട്ടാന്‍ കാരണവും. ബാഴ്സലോണ ആക്രമണം (2017), പാരിസ് ആക്രമണങ്ങള്‍ (2015), മാഞ്ചസ്റ്റര്‍ ബോംബാക്രമണം (2017), ബ്രസല്‍സ് ഭീകരാക്രമണം (2016) എന്നിവയ്ക്കായി ടിഎടിപിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ആക്രമണത്തിന്‍റെ സ്വഭാവവും ആക്രമണത്തിന് ശേഷമുള്ള സംഭവ സ്ഥലവും വിശദമായി പരിശോധിച്ചതോടെയാണ് ടിഎടിപിയാകും ഉപയോഗിച്ചിട്ടുണ്ടാകുകയെന്ന സംശയം ഉടലെടുത്തത്. സംഭവ സ്ഥലത്ത് നിന്നും ചീളുകളോ, വെടിമരുന്നിന്‍റെ ഗന്ധമോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നതുമില്ല. ചൂടായപ്പോള്‍ പൊട്ടിത്തെറിച്ചതാണെന്ന വാദത്തിനും ബലമേറുന്നുണ്ട്. എന്നാല്‍ ഇത് വലിയ ആക്രമണം നടത്തുന്നതിനായി എത്തിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടിയതാണോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. ടിഎടിപി ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ഉമറിന് എങ്ങനെ ലഭിച്ചുവെന്നതും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ , യാത്രാ വിവരങ്ങള്‍ തുടങ്ങി ഉമറുമായി ബന്ധപ്പെട്ട എല്ലാത്തിനെ കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
ഉമറിന്‍റെ സുഹൃത്തുക്കളും ഡോക്ടര്‍മാരുമായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍, ആദില്‍ റാഥേര്‍ എന്നിവരെ ജമ്മു പൊലീസ് ഫരീദാബാദിലെത്തി അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഉമര്‍ ചാവേര്‍ സ്ഫോടനം നടത്തിയത്. അറസ്റ്റിലായവരെ എന്‍ഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരെല്ലാം അല്‍ ഫല സര്‍വകലാശാലയുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നതും.
ഉഗ്രസ്ഫോടനമുണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ് ഡോക്ടര്‍ ഉമര്‍ ഇത് തന്‍റെ i20 കാറില്‍ വച്ച് ചെങ്കോട്ടയുടെ പരിസരത്ത് എത്തിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പരമാവധി നാശം വിതയ്ക്കണമെന്നും ലക്ഷ്യമിട്ടിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. നിരപരാധികളും സാധാരണക്കാരുമായ 13 പേര്‍ക്ക് സ്ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്. 24ലേറെപ്പേര്‍ക്ക് പരുക്കുമേറ്റു.




