ബീഹാറിലെ വിഷമദ്യ ദുരന്തം; മരണനിരക്ക് വർദ്ധിക്കുന്നു. 23 പേർ മരിച്ചു, 14 പേർ അതീവ ഗുരുതരാവസ്ഥയിൽ
ബീഹാറിൽ രണ്ടിടങ്ങളിലായുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഗോപാൽഗഞ്ചിൽ 12 പേരും ബെതിയായിൽ 11 പേരും മരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ നടക്കുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്.
ഒക്ടോബർ 24ന് സിവാനിൽ എട്ട് പേരും 28ന് ബെഗുസരായിയിൽ എട്ട് പേരും മരിച്ചിരുന്നു. ഇന്നലെ വെസ്റ്റ്ചമ്പാരൻ ജില്ലയിലും വിഷമദ്യ ദുരന്തമുണ്ടായി എന്ന് പറയപ്പെടുന്നു. ഇവിടെ എട്ടുപേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ
ഗോപാൽഗഞ്ച്, ബെതിയ എന്നിവിടങ്ങളിൽ കൂടുതൽ പേർ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നുണ്ട്. മേഖലയിൽ ഉന്നത പോലീസുദ്യോഗസ്ഥരടക്കം ക്യാമ്പ് ചെയ്യുകയാണ്.
16 പേർ ആശുപത്രികളിയിൽ ചികിത്സയിലാണ്. ഇവരിൽ പലരും അതീവ ഗുരുതരാവസ്ഥയിലാണെന്നും മരണനിരക്ക് ഇനിയും വർദ്ധിക്കും എന്നുമാണ് റിപ്പോർട്ടുകൾ. വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ജ് എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്.
.സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ദുരന്തമുണ്ടായ വെസ്റ്റ് ചമ്പാരനിൽ കഴിഞ്ഞ ജുലായിലും ദുരന്തമുണ്ടായിരുന്നു. അന്ന് 16 പേരാണ് മരണമടഞ്ഞത്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമായ ബീഹാറിൽ വ്യാജമദ്യം സുലഭമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.