Breaking NewsLead NewsSports

കേരളാ ബ്‌ളാസ്‌റ്റേഴ്‌സില്‍ ഏറ്റവും കൂടുതല്‍ കളിച്ച വിദേശതാരം ; നാഴികക്കല്ല് പൂര്‍ത്തിയാക്കി ഉറുഗ്വായന്‍ ഫുട്‌ബോളര്‍ അഡ്രിയാന്‍ ലൂണ ; മഞ്ഞപ്പടയുടെ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച മൂന്നാമത്തെ താരം

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരവും മഞ്ഞപ്പടയുടെ മിഡ്ഫീല്‍ഡ് ജനറലുമായ അഡ്രിയാന്‍ ലൂണ മഞ്ഞക്കുപ്പായത്തില്‍ റെക്കോഡിലേക്ക്. കൊച്ചിയുടെ പ്രിയപ്പെട്ട കൊമ്പന്മാര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമായി മാറിയിരിക്കുകയാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സില്‍ ചരിത്രനേട്ടം എഴുതിച്ചേര്‍ത്ത ഉറുഗ്വേ താരം 87 മത്സരമാണ് ഇതുവരെ കളിച്ചത്.

സൂപ്പര്‍ കപ്പില്‍ മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ലൂണ ചരിത്രം കുറിച്ചത്. മൊത്തത്തില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ താരമെന്ന നാഴികക്കല്ലാണ് ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ ലൂണ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ ലൂണയ്ക്ക് മുന്നിലുള്ളത് കെ.പി. രാഹുലാണ്. 89 മത്സരം കെ.പി. രാഹുല്‍ ബ്‌ളാസ്‌റ്റേഴ്‌സില്‍ കളിച്ചു.

Signature-ad

97 മത്സരങ്ങളില്‍ കളിച്ച മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരം. 86 മത്സരങ്ങള്‍ ജീക്സണ്‍ സിങും കളിച്ചിട്ടുണ്ട്. സന്ദീപ് 81 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. പക്ഷേ ബ്‌ളാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമെന്ന ഖ്യാതിയാണ് ലൂണയ്ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്.

അതേസമയം മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയം വഴങ്ങിയത്. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അവസാന നിമിഷം വഴങ്ങിയ സെല്‍ഫ് ഗോള്‍ സെമിഫൈനല്‍ സ്ഥാനം നിഷേധിക്കുകയായിരുന്നു.

Back to top button
error: