Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsSportsTRENDING

ഒസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; പരമ്പര സ്വന്തമാക്കാന്‍ ഒരു ജയം അകലെ

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ 18.2 ഓവറിൽ 119 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍‌ ജയം നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അടുത്ത മത്സരം കൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ പ്രതിരോധത്തിലാകുകയായിരുന്നു.

വാഷിങ്ടൻ സുന്ദർ മൂന്നു വിക്കറ്റുകളും അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്. 24 പന്തിൽ 30 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷാണ് മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മുൻനിരയ്ക്കൊപ്പം മധ്യനിരയും വാലറ്റവും വലിയ പോരാട്ടം നടത്താതെ കീഴടങ്ങിയതോടെ ഓസ്ട്രേലിയ ബുദ്ധിമുട്ടിയാണ് 100 പിന്നിട്ടത്. മാത്യു ഷോർട്ട് (19 പന്തിൽ 25), മാർകസ് സ്റ്റോയ്നിസ് (19 പന്തിൽ 17), ടിം ഡേവിഡ് (9 പന്തിൽ 14) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു സ്കോറർമാര്‍.

Signature-ad

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 167 റൺസെടുത്തത്. 39 പന്തിൽ 46 റൺസെടുത്ത ശുഭ്മൻ ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. അഭിഷേക് ശർമ (21 പന്തിൽ 28), ശിവം ദുബെ (18 പന്തിൽ 22), സൂര്യകുമാർ യാദവ് (10 പന്തിൽ 20), അക്ഷർ പട്ടേൽ (11 പന്തിൽ 21) എന്നിവരും തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു മികച്ച തുടക്കമാണു ലഭിച്ചത്. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ചേർന്ന് ഓപ്പണിങ്ങിൽ 56 റൺസ് കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ ഏഴാം ഓവറിൽ അഭിഷേക് ശർമയെ സ്പിന്നർ ആദം സാംപ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. ശിവം ദുബെയെ വൺഡൗണായി ഇറക്കി നോക്കിയ പരീക്ഷണവും വലിയ ക്ലിക്കായില്ല. ഒരു സിക്സും ഒരു ഫോറും ബൗണ്ടറി കടത്തിയ ദുബെ നേഥൻ എലിസിന്റെ പന്തിൽ ബോൾഡായി.

12.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്. നേഥൻ എലിസിന്റെ 15–ാം ഓവറിലെ ആദ്യ പന്തിൽ ഗില്‍ ബോൾഡായി. രണ്ടു സിക്സുകൾ പറത്തിയ സൂര്യകുമാർ യാദവിന് വലിയ ഇന്നിങ്സ് കളിക്കാൻ സാധിച്ചില്ല. 10 പന്തുകൾ മാത്രം നേരിട്ട താരത്തെ സേവ്യർ ബാർട്‍ലെറ്റിന്റെ പന്തിൽ ടിം ഡേവിഡ് പുറത്താക്കുകയായിരുന്നു. തിലക് വർമയും (അഞ്ച്), സഞ്ജുവിന്റെ പകരക്കാരനായി ടീമിലെത്തിയ ജിതേഷ് ശർമയും (മൂന്ന്) അതിവേഗം മടങ്ങിയത് ഇന്ത്യൻ മധ്യനിരയെ പ്രതിരോധത്തിലാക്കി.

12 റണ്‍സെടുത്ത വാഷിങ്ടൻ സുന്ദറിനെയും നേഥൻ എലിസാണു മടക്കിയത്. ഒരു സിക്സും ഒരു ഫോറും ബൗണ്ടറി കടത്തിയ അക്ഷർ പട്ടേൽ 21 റൺസുമായി പുറത്താകാതെനിന്നു. ഓസ്ട്രേലിയയ്ക്കായി നേഥൻ എലിസും ആദം സാംപയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇന്ത്യ പ്ലേയിങ് ഇലവന്‍– അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ജിതേഷ് ശർമ, ശിവം ദുബെ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– മാത്യു ഷോർട്ട്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിഷ് (വിക്കറ്റ് കീപ്പർ), ടിം ഡേവി‍ഡ്, ജോഷ് ഫിലിപെ, മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്‍വെൽ, സേവ്യർ ബാർട്‍ലെറ്റ്, ബെൻ ഡ്വാർഷൂസ്, നേഥൻ എലിസ്, ആദം സാംപ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: