സാഹിത്യകാരനും, കഥാകൃത്തും നാടകകൃത്തും, ഹ്രസ്വചിത്ര അഭിനേതാവുമായ പി എ ദിവാകരൻ (77) അന്തരിച്ചു. മസ്‌തിഷക്കാഘാതത്തെ തുടർന്ന് ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരുവില്വാമലയിലാണ് ജനനം. കലാലയ പഠനം കഴിഞ്ഞ് 1968ൽ ഉദ്യോഗാർഥം നാടുവിട്ടു. 1971 മുതൽ ബോംബെയിലായിരുന്നു താമസം. ഇപ്പോൾ തിരുവില്വാമലയിൽ താമസിച്ച് വരികയാണ്.
സാഹിത്യമേഖലക്കൊപ്പം ബോംബെയിൽ അമേച്ച്വർ തിയറ്റർ ഗ്രൂപ്പുകളിൽ സജീവമായി. നിരവധി നാടകങ്ങൾ എഴുതി. പുസ്‌കതങ്ങളുമാക്കി. നാടകങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്‌തു. പാറൂട്ടി, വെളിച്ചങ്ങളുടെ താളം, അച്ചുവിന്റെ രാജകുമാരി, ഇരുട്ടിന്റെ ഇതളുകൾ, മൂന്നു ലഘു നാടകങ്ങൾ, ദയവായി ഇങ്ങനെ നോക്കാതിരിക്കൂ തുടങ്ങി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. 1984ൽ ഏറ്റവും നല്ല ലഘുചിത്രത്തിനുള്ള പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച ‘ദ ക്ലൗൺ ആന്റ് ദ ഡയലോഗ്’ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായും വേഷമിട്ടു.