മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ വെട്ടൂർ പുരുഷൻ എന്ന ഒന്നരയടി ഉയരമുള്ള വർക്കലക്കാരൻ ഭാഗ്യം പരീക്ഷിക്കാൻ എത്തുമ്പോൾ അവിടെ ഉമ്മറും വിൻസെന്റും ആലുമൂടനും സംവിധായകൻ ക്രോസ്സ്ബെൽറ്റ് മാണിയുമെല്ലാം ഉണ്ടായിരുന്നു. കൂട്ടത്തിൽ സംവിധായകൻ ജോഷിയും. മണി, പുരുഷനോട് ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. പുരുഷൻ ആലുമൂടനെ വിളിച്ച് അരികത്തു നിർത്തി.എന്നിട്ട് മധുരമായ സ്വരത്തിൽ പറഞ്ഞു:”പ്രാണപ്രിയേ …” എന്ന്. അതുകേട്ട് ആലുമൂടൻ ആലിംഗനത്തിനു മുതിരുമ്പോൾ പുരുഷൻ ആലുമൂടന്റെ കാല് വാരി താഴെയിടുന്നു.പുരുഷൻ എന്ന കുറിയ ശരീരമുള്ള ഒരു വലിയ കലാകാരന്റെ ജനനമായിരുന്നു അത്.പുതിയ നടീനടന്മാരെ തേടിയുള്ള
ആ ചിത്രമായിരുന്നു 1974-ൽ പുറത്തിറങ്ങിയ ‘നടീനടന്മാരെ ആവശ്യമുണ്ട്’ എന്ന സിനിമ.
വെട്ടൂർ പുരുഷൻ എന്ന ചെറിയ പേരുപോലെ തന്നെ
കുറിയ ശരീരമുള്ള ആ മനുഷ്യൻ ഒരു കാലത്ത് മലയാളസിനിമയിലെ അൽപ്പം വലിപ്പമുള്ള ആളുതന്നെയായിരുന്നുവെങ്കിലും പിന്നീട് ആരും തിരിച്ചറിയാതെ പോയി.വെട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർകൂടിയായിരുന്ന പുരുഷൻ ശിവഗിരി മിഷൻ ആശുപത്രി അക്കൗണ്ടന്റും ദുബായിലെ ഒരു ഹോട്ടലിൽ ക്ലീനറായും ജീവിതത്തിൽ വേഷം കെട്ടിയിട്ടുണ്ട്.സ്വന്തമായി ഒരു നാടക സമിതി രൂപീകരിച്ചെങ്കിലും അതും ക്ലച്ച് പിടിച്ചില്ല.
വർക്കല വെട്ടൂർ പനവിള വീട്ടിൽ ഗോവിന്ദൻ, ജാനകി ദമ്പതികളുടെ മകനായ പുരുഷോത്തമൻ എന്ന വെട്ടൂർ പുരുഷൻ 1972 ൽ ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത ‘നടീനടൻമാരെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് മണിയുടെ തന്നെ ‘ പെൺപട’, നസീർ , ജയഭാരതി തുടങ്ങിയവർ അഭിനയിച്ച ‘താമരത്തോണി’ , ‘കുട്ടിച്ചാത്തൻ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 1988-ൽ ഇറങ്ങിയ ‘ലൂസ് ലൂസ് അരപ്പിരി ലൂസ്’ എന്ന ചിത്രം അദ്ദേഹത്തിനെ കൂടുതൽ പ്രശസ്തനാക്കി. ‘യുദ്ധഭൂമി’, ‘പിക്ക് പോക്കറ്റ്’, ‘ചോറ്റാനിക്കര അമ്മ’, ‘മുക്കുവനെ സ്നേഹിച്ച ഭൂതം’, ‘ഇതാ ഇന്ന് മുതൽ’, ‘ഇവിടെ ഇങ്ങിനെ’, ‘വളർത്തു മൃഗങ്ങൾ’, ‘നാരദൻ കേരളത്തിൽ’, ‘കാവടിയാട്ടം’, ‘സൂര്യ മാനസം’എന്നു തുടങ്ങി എഴുപതിൽപ്പരം സിനിമകളിലും അനവധി നാടകങ്ങളിലും ടിവി സീരിയലുകളിലും വേഷമിട്ടു. അനേകം ഉയരം കുറഞ്ഞ നടന്മാരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത ‘അത്ഭുതദ്വീപ്'(2005) എന്ന ചലച്ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് 2017 നവംബർ അഞ്ചിനായിരുന്നു തന്റെ എഴുപതാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ അന്ത്യം.