
തെരഞ്ഞെടുപ്പ് കളം പിടിച്ച് കോണ്‍ഗ്രസ്
പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടെ പ്രധാനികളെത്തുന്നു
കോര്‍പറേഷനുകള്‍ പിടിച്ചെടുക്കാന്‍ പുതിയ തന്ത്രം
ശബരിമല സ്വര്‍ണക്കൊള്ള പ്രധാനപ്രചരണായുധം
മുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനിറങ്ങിയേക്കും
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേരളം തൂത്തുവാരാന്‍ കോണ്‍ഗ്രസ് പോര്‍മുഖത്തേക്ക് സര്‍വസന്നാഹത്തോടും കൂടിയെത്തുന്നു.
ഇത്രയും മുന്നൊരുക്കത്തോടെ ഇതിനു മുന്നൊന്നും കോണ്‍ഗ്രസ് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടില്ലെന്ന് തന്നെ പറയാം.
ഇത്തവണ പരമാവധി തദ്ദേശഭരണസ്ഥാപനങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിനു വേണ്ടി ഏറ്റവും മികച്ച നേതാക്കളെ രംഗത്തിറക്കി പ്രചരണമടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു.
പ്രവര്‍ത്തനപരിചയവും ജനപ്രിയരുമായ നേതാക്കളുടെ കൈകളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഏല്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ കൈകളുയര്‍ത്താനാണ് കോണ്‍ഗ്രസ് കരുനീക്കം നടത്തുന്നത്.
തെരഞ്ഞെടുപ്പ് ഏകോപനത്തിന് മുതിര്‍ന്ന നേതാക്കളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
കോണ്‍ഗ്രസ് വിമതനായി എല്‍ഡിഎഫിന് ഒപ്പം നിന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് നഷ്ടമായ തൃശൂര്‍ കോര്‍പറേഷന്‍ ഇത്തവണ എന്തുവിലകൊടുത്തും സ്വന്തമാക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ടാര്‍ജറ്റ്.
കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മെനയുന്നത്. തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ കളത്തിലിറങ്ങും. കൊച്ചി കോര്‍പറേഷനും കൈപ്പിടിയിലൊതുക്കാന്‍ മികച്ച തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ശബരിമല സ്വര്‍ണക്കൊള്ള തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ ചര്‍ച്ചാവിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം. വിഷയം പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. കേരളത്തിലെ സകല തദ്ദേശഭരണ തെരഞ്ഞെടുപ്പു വേദികളിലും ശബരിമല കേസ് ഉന്നയിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. നിലവിലെ സാഹചര്യങ്ങള്‍ വിജയത്തിന് അനുകൂലമാണെന്നാണ് കെപിസിസി യോഗത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് കെ മുരളീധരന്‍, കൊല്ലത്ത് പി സി വിഷ്ണുനാഥ്, കൊച്ചിയില്‍ വി ഡി സതീശന്‍, കോഴിക്കോട് രമേശ് ചെന്നിത്തല, കണ്ണൂരില്‍ കെ സുധാകരന്‍, തൃശൂരില്‍ റോജി എം ജോണ്‍ എന്നിങ്ങനെയാണ് ചുമതല നല്‍കിയിരിക്കുന്നത്.
എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രധാന നേതാക്കളെ രംഗത്തിറക്കി സ്ഥിതി മെച്ചപ്പെടുത്താനാണ് തീരുമാനം.
കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവര്‍ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ശബരിനാഥന്‍ കവടിയാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കും. സ്വന്തം വീടുള്ള ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. വീണ എസ് നായരെ വഴുതക്കാട് ഡിവിഷനില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. എം എസ് അനില്‍ കുമാറിനെ കഴക്കൂട്ടത്തും രംഗത്തിറക്കും. 36 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഡിസിസി നേതൃത്വം തയ്യാറാക്കി കഴിഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ എന്നും ഒരു മുഴം മുന്നേറിയുന്ന എല്‍ഡിഎഫിനെ തുടക്കത്തില്‍ തന്നെ മറികടന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കളം പിടിച്ചു കഴിഞ്ഞു.






