ഇനിമുതല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നാലു നോമിനികള്‍; മുഴുവന്‍ തുകയുടെയും പിന്തുടര്ച്ചാവകാശം വിഭജിക്കാം; ഓരോരുത്തര്‍ക്കും വിഭജിക്കേണ്ട ശതമാനവും നിശ്ചയിക്കാം; വില്‍പത്രവും നിര്‍ണായകമാകും
നോമിനി എന്നാല്‍ അക്കൗണ്ടിന്റെ ഉടമയല്ല. നോമിനിയായതു കൊണ്ട് സ്വത്തിന്റെയോ തുകയുടെയോ അവകാശം ഒരാള്‍ക്ക് കിട്ടില്ല. ഉടമാവകാശ കൈമാറ്റവുമല്ല

ന്യൂഡല്‍ഹി: നവംബര്‍ ഒന്നുമുതല്‍ ബാങ്ക് നിക്ഷേപത്തില്‍ ഒരാള്‍ക്ക് നാലു വരെ അവകാശികളെ നോമിനേറ്റ് ചെയ്യാം. ഇതുവരെ നാമനിര്‍ദേശം ചെയ്യാവുന്നത് ഒരാളെ മാത്രം. ഇനിയങ്ങോട്ട് നാലു പേരെ വയ്ക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ഒരാളെ നോമിനിയായി വെച്ച് അയാളെ മുഴുവന്‍ തുകയുടെയും പിന്തുടര്‍ച്ചാവകാശിയാക്കാന്‍ ഇപ്പോഴും കഴിയും.
നോമിനിയായി നാലു പേരെ നിര്‍ദേശിക്കുകയാണെങ്കില്‍ ആകെ തുകയുടെ കൃത്യം നാലിലൊന്നു വീതം ഓരോരുത്തര്‍ക്കും ലഭിക്കും. ഓരോരുത്തര്‍ക്കും ഇത്ര ശതമാനം വീതം നല്‍കണമെന്ന തരത്തില്‍ നിര്‍ദേശിച്ചുകൊണ്ട് നോമിനിമാരുടെ പേര് ചേര്‍ക്കുകയുമാകാം. ആദ്യത്തെ പേരുകാരന് 20 ശതമാനം തുക നല്‍കണമെന്ന വ്യവസ്ഥ വെച്ചാല്‍ അത്രയും തുകക്കാണ് അയാള്‍ക്ക് അര്‍ഹത.
ഡിപ്പോസിറ്റില്‍ അര്‍ഹതപ്പെട്ട വിഹിതം കൈപ്പറ്റുന്നതിനു മുമ്പ് നോമിനിമാരില്‍ ഒരാള്‍ മരിച്ചു എന്നു കരുതുക. ആ നോമിനേഷന് അസാധുവായി മാറും. അതായത്, മരിച്ചയാളുടെ ആശ്രിതര്‍ക്ക് തുക കിട്ടില്ല. അങ്ങനെയൊരാളെ നോമിനിയായി വെച്ചില്ല എന്ന വിധത്തിലാണ് അവകാശത്തെ പരിഗണിക്കുക. ഫലത്തില്‍ ബാക്കിയുള്ള നോമിനിമാര്‍ക്ക് ഈ തുക കൂടി കിട്ടും.
ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍, അതുകഴിഞ്ഞ് മൂന്നാമതൊരാള്‍ എന്ന വിധത്തിലും നോമിനിയെ വയ്ക്കാം. ഇങ്ങനെയാണെങ്കില്‍ ഒരാളുടെ മരണശേഷമാണ് രണ്ടാമന് തുകക്ക് അര്‍ഹത ലഭിക്കുക. രണ്ടാമന്റെയും മരണശേഷം മൂന്നാമന്. ഏറ്റവും ഒടുവില്‍ പേരുവെച്ചയാള്‍ക്ക് തുകയുടെ അവകാശം ലഭിക്കുന്നത് മുകളില്‍ പേരുള്ള എല്ലാവരുടെയും മരണശേഷം മാത്രം.
ലോക്കര്‍ വിഹിതമോ?
ഇനി ബാങ്ക് ലോക്കറില്‍ വെച്ചിട്ടുള്ള സ്വത്തിന്റെ കാര്യം പരിശോധിക്കാം. ലോക്കറിന്റെ നോമിനിയായി ഒരാളെ വെച്ചാല്‍, നിങ്ങളുടെ മരണശേഷം ലോക്കറിലെ ആസ്തിയുടെ അവകാശം അയാള്‍ക്കാണ്. ലോക്കറിന്റെ കാര്യത്തിലും നാലു വരെ നോമിനികളെ വെക്കാം. പക്ഷേ, ഡിപ്പോസിറ്റിന്റെ കാര്യത്തിലെന്ന പോലെ ഓരോരുത്തര്‍ക്കുമുള്ള വിഹിതം നിശ്ചയിച്ചു വെക്കാന്‍ കഴിയില്ല. പിന്തുടര്ച്ചാവകാശം പോലെയാകാം. അതായത്, നോമിനിമാരിലെ ആദ്യ പേരുകാരന്റെ മരണ ശേഷം മാത്രം രണ്ടാമന്, രണ്ടാമനു ശേഷം മൂന്നാമന് എന്നിങ്ങനെ വ്യവസ്ഥ ചെയ്യാം.
ഉടമയല്ല നോമിനി
ഇതൊക്കെ കൊച്ചുകൊച്ചു കാര്യങ്ങളായി തോന്നാം. എന്നാല്‍ നിങ്ങളുടെ കാലശേഷം സ്വത്ത് എങ്ങനെ വിഭജിക്കപ്പെടുന്നു എന്ന് ചിന്തിച്ചാല്‍ ഇതത്രയും പ്രധാനപ്പെട്ടതാണ്. നോമിനി എന്നാല്‍ അക്കൗണ്ടിന്റെ ഉടമയല്ല. നോമിനിയായതു കൊണ്ട് സ്വത്തിന്റെയോ തുകയുടെയോ അവകാശം ഒരാള്‍ക്ക് കിട്ടില്ല. ഉടമാവകാശ കൈമാറ്റവുമല്ല. അക്കൗണ്ട് ഉടമയുടെ കാലശേഷമാണ് അവകാശം കൈമാറി കിട്ടുക. അക്കൗണ്ട് ഉടമക്ക് ജീവിച്ചിരിക്കുന്ന കാലത്ത് വില്പത്രത്തിലെന്ന പോലെ, ഏതു സന്ദര്‍ഭത്തിലും നോമിനിയെ മാറ്റി നിര്‍ദേശിക്കാം. വിഹിതത്തിന്റെ അനുപാതവും മാറ്റാം. വില്പത്രത്തില് പറയുന്ന കാര്യങ്ങളും നോമിനേഷനില്‍ പറയുന്നതും പരസ്പര വിരുദ്ധമാകാതെ ഉടമ ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടു രേഖയിലും പറയുന്നത് രണ്ടാണെങ്കില്‍ ആശയക്കുഴപ്പവും തര്‍ക്കവും സ്വാഭാവികം.






