കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം; സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം; സഭചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും വിമര്‍ശനം; കേരളപ്പിറവി ആശംസ നേര്‍ന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുതയില്ല. പറഞ്ഞത് എന്തോ അത് നടപ്പാക്കും, അതാണ് ഇടത് സർക്കാരിന്‍റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പിന്‍റെ പൂർണരൂപം:
കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപംകൊണ്ടതിന്‍റെ ഓര്‍മ പുതുക്കുന്ന ഈ വേളയില്‍, ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്.
വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, താമസിക്കാന്‍ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്.
സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍.






