ജി സുധാകരന്‍ നീതിമാനായ ഭരണാധികാരി, അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കുന്നത് തന്നെ ബഹുമതി ; കമ്യൂണിസ്റ്റ് നേതാവിനെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പ്രശംസിച്ചതിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ജി.സുധാകരനെതിരേ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ മന്ത്രിയെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തെപ്പോലെ മികച്ച ഒരു പൊതുമരാമത്ത് മന്ത്രി തങ്ങളുടെ കൂട്ടത്തിലോ ഇടതുപക്ഷത്തോ ഉണ്ടായിട്ടില്ലെന്നായിരുന്നു പുകഴ്ത്തല്‍.
നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് അനുഭവമുണ്ട് എന്നും പറഞ്ഞു. വി ഡി സതീശന്‍ പ്രഗത്ഭനായ നേതാവെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. മുന്‍പ് വി ഡി സതീശനെ പ്രശംസിച്ച് സംസാരിച്ചതില്‍ ജി സുധാകരനെതിരെ സിപിഐഎമ്മില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
‘ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയിട്ടാണ് ഞാന്‍ ജി സുധാകരന് പുരസ്‌കാരം നല്‍കാനായി എത്തിയത്. ജി സുധാകരന് അവാര്‍ഡ് കൊടുക്കുന്നത് എനിക്ക് കൂടിയുള്ള ബഹുമതിയായി കാണുന്നു’, വി ഡി സതീശന്‍ പറഞ്ഞു.
ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാണെന്നും ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി ഐക്യമായിരുന്നെന്നും ജി സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്നമെന്നും നമ്മളെ എന്താ കൂട്ടില്‍ അടച്ചിരിക്കുകയാണോ എന്നും സുധാകരന്‍ ചോദിച്ചു. ഇന്‍ഡ്യാ സഖ്യത്തില്‍ എല്ലാരും ഒരുമിച്ചല്ലേ?.
ബിജെപി വളര്‍ച്ചയെ ആശ്രയിച്ചിരിക്കും കേരളത്തില്‍ സിപിഐഎം-കോണ്‍ഗസ് സഖ്യം. ബിജെപി 25 ശതമാനം വോട്ട് പിടിക്കും എന്നാണ് ഇപ്പഴത്തെ കണക്ക്. കേരള രാഷ്ട്രീയം എങ്ങനെ വളരുമെന്ന് പറയാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാന സമ്മേളന സെമിനാറിന് ശശി തരൂരിനെ വിളിച്ചു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ക്യാമ്പെയ്‌നില്‍ എം എ ബേബി പങ്കെടുത്തു. പാര്‍ട്ടി മെമ്പര്‍മാരാണ് സിപിഐഎമ്മിന്റെ സൈന്യം അല്ലാതെ സൈബര്‍ സേന അല്ലെന്നും സുധാകരന്‍ പറഞ്ഞു.






