Breaking NewsCrimeIndiaLead NewsNEWSNewsthen SpecialWorld

സൈബര്‍ തട്ടിപ്പു കേന്ദ്രം തകര്‍ത്ത് സൈന്യം; മ്യാന്‍മറില്‍നിന്ന് രക്ഷപ്പെട്ടത് 500 ഇന്ത്യക്കാര്‍ തായ്‌ലന്‍ഡില്‍ തടവില്‍; വിമാനത്തില്‍ തിരികെയെത്തിക്കാന്‍ നീക്കം; ഇന്ത്യന്‍ എംബസി നീക്കമാരംഭിച്ചു

യംഗോണ്‍: മ്യാന്‍മറിലെ കുപ്രസിദ്ധമായ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെ തുടര്‍ന്ന് തായ്ലന്‍ഡിലേക്ക് ഒളിച്ചു കടന്നവരില്‍ 500 ഇന്ത്യക്കാരും. മ്യാന്‍മറിലെ കെകെ പാര്‍ക്ക് സമുച്ചയത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഇവരുടെ വിവരങ്ങള്‍ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ പരസ്യപ്പെടുത്തി.

പടിഞ്ഞാറന്‍ തായ്ലന്‍ഡിലെ മേ സോട്ടില്‍ എത്തിച്ചേര്‍ന്നവരില്‍ ഏകദേശം 500 ഇന്ത്യക്കാരുണ്ടെന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുല്‍ പറഞ്ഞു. ‘അവരെ നേരിട്ട് തിരികെ കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വിമാനം അയയ്ക്കും,’ എന്നും അദ്ദേഹം പറഞ്ഞു. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി ഈ വിഷയത്തില്‍ തായ്ലന്‍ഡ് അധികൃതരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.

Signature-ad

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായാണ് ഇവര്‍ മ്യാന്‍മറില്‍ നിന്ന് തായ്ലന്‍ഡിലേക്ക് രക്ഷപെട്ടത്. തട്ടിപ്പ് കേന്ദ്രങ്ങള്‍ക്കെതിരായ നടപടികളെത്തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത 28 രാജ്യങ്ങളില്‍ നിന്നുള്ള 1,500-ലധികം പേരില്‍ അധികവും എത്തിച്ചേര്‍ന്നത് തായ്‌ലന്‍ഡിലാണ്.

മ്യാന്‍മര്‍ സേനയായ ടാറ്റ്മഡോ റെയിഡ് ചെയ്ത മ്യവാഡിയിലെ സൈബര്‍-സ്‌കാം ഹബ്ബ് തായ് അതിര്‍ത്തിക്ക് സമീപം മ്യാന്‍മറിനുള്ളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ബോട്ടുകളിലും മറ്റുമായാണ് ഇവരുടെ രക്ഷപെടല്‍. 2025 ഒക്ടോബര്‍ 21-ന് മ്യാന്‍മര്‍ സൈന്യം പാര്‍ക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. 2,000-ത്തിലധികം തൊഴിലാളികളെ മോചിപ്പിക്കുകയും 30 സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ടെര്‍മിനലുകള്‍ കണ്ടുകെട്ടുകയും ചെയ്തതായി പ്രഖ്യാപിച്ചു.

യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കംബോഡിയ, ലാവോസ്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളിലും സമാനമായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ തടവിലാക്കപ്പെട്ട അവസ്ഥയിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ കഴിയുന്നത്. അടിമ ജോലിയാണ് ചെയ്യിക്കുന്നത്. അതത് രാജ്യങ്ങളിലെ തട്ടിപ്പുകള്‍ക്ക് ഇത്തരത്തില്‍ സാങ്കേതിക ജ്ഞാനമുള്ളവരെയും അല്ലാത്തവരെയും ഉപയോഗിപ്പെടുത്തുന്നതാണ് രീതി.

മ്യാന്‍മറിലെ കെകെ പാര്‍ക്ക് അന്തര്‍ദേശീയ സൈബര്‍ തട്ടിപ്പുകളില്‍ പേരുകേട്ടതാണ്. കെകെ പാര്‍ക്കും സമീപത്തുള്ള മറ്റ് കോമ്പൗണ്ടുകളും നടത്തുന്നത് ക്രിമിനല്‍ സംഘങ്ങളാണ്. മ്യാന്‍മര്‍ സൈന്യവുമായി ബന്ധമുള്ള പ്രാദേശിക മിലിഷ്യ ഗ്രൂപ്പുകളുടെ സഹായവും ആരോപിക്കപ്പെടുന്നു.

കോവിഡ് -19 പാന്‍ഡെമിക്കിന് ശേഷം തായ്ലന്‍ഡ്, മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവയ്ക്കിടയിലുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളായി വളര്‍ന്നു. യുഎന്‍ പറയുന്നതനുസരിച്ച് ലക്ഷക്കണക്കിന് ആളുകളെ തൊഴില്‍ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി കോടിക്കണക്കിന് ഡോളര്‍ വെട്ടിപ്പ് നടത്തി സമാഹരച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: