IndiaMovieTRENDING

പ്രദീപ് രംഗനാഥൻ ഹാട്രിക് നേട്ടം സ്വന്തമാക്കി; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ നടൻ

കൊച്ചി: നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ തൻ്റെ ആദ്യ മൂന്ന് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യൻ നടനായി മാറി. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആണ് താരം ഇടം നേടിയത്. “ലവ് ടുഡേ”, “ഡ്രാഗൺ”, “ഡ്യൂഡ്” എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിൽ ഇടം നേടിയ പ്രദീപ് രംഗനാഥൻ ചിത്രങ്ങൾ. കീർത്തിശ്വരൻ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, “ഡ്യൂഡ്”, ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ 100 കോടി കടന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളിൽ ദീപാവലി ബോക്‌സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ചിത്രം മുന്നേറിയത്. ആദ്യ ദിവസം തന്നെ 22 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്.

തൻ്റെ ഈ വിജയത്തിൽ പ്രദീപ് രംഗനാഥൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ചു. ദുബായ്, മലേഷ്യ, സിംഗപ്പൂർ, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ആരാധകർക്കും മാധ്യമങ്ങൾക്കും തനിക്ക് നൽകിയ തുടർച്ചയായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു .

Signature-ad

നടനാകുന്നതിന് മുമ്പ്, ജയം രവിയും കാജൽ അഗർവാളും അഭിനയിച്ച കോമാളി (2019) എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. വേൽസ് ഫിലിം ഇൻ്റർനാഷണൽ നിർമ്മിച്ച ആ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. എജിഎസ് എന്റർടൈൻമെന്റിന്റെ കീഴിൽ പുറത്തിറങ്ങിയ ലവ് ടുഡേ (2022) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രദീപ്, ഈ ചിത്രത്തിലൂടെ ആണ് ആദ്യം 100 കോടി ക്ലബിൽ ഇടം നേടിയത്. അതിന് ശേഷം പ്രദീപ് നായകനായെത്തിയ, അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗൺ (2025) എന്ന ചിത്രം പത്ത് ദിവസത്തിനുള്ളിൽ 100 കോടിയിലധികം കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറി. ഇന്ത്യയിലും വിദേശത്തും, അതുപോലെ, മൾട്ടിപ്ലെക്സ്, A ക്ലാസ് സെൻ്ററുകൾ മുതൽ C ക്ലാസ് സെൻ്ററുകളിൽ വരെ വലിയ ജനക്കൂട്ടത്തെ തീയേറ്ററുകളിൽ എത്തിക്കാൻ കഴിയുന്ന ബോക്സ് ഓഫീസ് മൂല്യമാണ് പ്രദീപ് കാണിച്ചു തരുന്നത്.

യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന പ്രദീപ് രംഗനാഥൻ, പുതിയ കാലഘട്ടത്തിലെ മാസ് നായകനായി ആണ് വിലയിരുത്തപ്പെടുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത “ലവ് ഇൻഷുറൻസ് കമ്പനി (LIK)” ആണ് പ്രദീപ് നായകനായി എത്തുന്ന പുതിയ ചിത്രം. 7 സ്ക്രീൻ സ്റ്റുഡിയോയും റൗഡി പിക്ചേഴ്സും സംയുക്തമായി നിർമ്മിച്ച ഈ ചിത്രം ഇതിനോടകം വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ വ്യവസായത്തിൽ ആദ്യ 3 ചിത്രങ്ങൾ കൊണ്ട് തന്നെ കോളിളക്കം സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യൻ സിനിമയിലെ വമ്പൻ താരമൂല്യത്തിലേക്ക് കുതിക്കുന്ന ഒരാളായി ഉയർന്ന് കൊണ്ടിരിക്കുകയാണ് ഇന്ന് പ്രദീപ് രംഗനാഥൻ. പിആർഒ – ശബരി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: