കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു ; ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നു, ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍

കൊച്ചി: ഹാല്‍ സിനിമയ്‌ക്കെതിരേ ആര്‍എസ്എസ് രംഗത്ത് വന്നു. സിനിമ സംഘടനയെ മോശമായി ചിത്രീകരിക്കുന്നെന്നും മത – സാമൂഹിക ഐക്യം തകര്‍ക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്ന സിനിമയെന്നും ആക്ഷേപം. ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതി യില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആര്‍എസ്എസ് കക്ഷി ചേര്‍ന്നു. മത-സാമൂഹിക ഐക്യം തകര്‍ക്കുന്നതാണ് ഉള്ളടക്കമെന്ന് പറയുന്നു.
ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും ആര്‍എസ്എസിനെ മോശമായി സിനിമയില്‍ ചിത്രീകരിക്കുന്നതായും പറയുന്നു. കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു. ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നവരുടെ വികാരത്തെ ആഴത്തില്‍ തകര്‍ക്കുന്നതാണ് സിനിമ. ഇത്തരമൊരു സിനിമയെ തടയേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതാണ് ബോര്‍ഡ് നിറവേറ്റിയതെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.
ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ ആര്‍എസ്എസ് നല്‍കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പായി കോടതി സിനിമ നേരില്‍ കണ്ടിരുന്നു.
ഷെയ്ന്‍ നിഗം നായകനായെത്തുന്ന സിനിമയില്‍, മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ് പറയുന്നത്. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം സിനിമയി ലെ 19 ഭാഗങ്ങള്‍ വെട്ടണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം, രാഖി കെട്ടല്‍ എന്നീ സംഭാഷണങ്ങളും പരാമര്‍ശങ്ങളും വെട്ടി മാറ്റാന്‍ നിര്‍ദേശിച്ചവയിലുണ്ട്. ഇവ ഒഴിവാക്കിയാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് ബോര്‍ഡിന്റെ നിലപാട്.






