ശക്തമായി ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് നെതന്യാഹു; ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് കൂട്ടക്കുരുതി വീണ്ടും; 46 കുട്ടികള്‍ ഉള്‍പ്പെടെ 104പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഗാസ സിറ്റി: വീണ്ടും അസമാധാനത്തിലേക്ക് വീണിരിക്കുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 104 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മരണമടഞ്ഞവരില്‍ 46 കുട്ടികളുമുണ്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഗാസയില്‍ ഒരു ഇസ്രയേല്‍ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാല്‍ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിര്‍ത്തല്‍ കരാറിനോട് പൂര്‍ണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി. ആക്രമണങ്ങളില്‍ 46 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ ആകെ 104 പേര്‍ കൊല്ലപ്പെട്ടതായും 250ലധികം പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വീടുകള്‍, സ്‌കൂളുകള്‍, റെസിഡന്‍ഷ്യല്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഗാസ സിറ്റി, വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ, ഗാസ മുനമ്പിന്റെ മധ്യഭാഗത്തെ ബുറൈജ്, നുസൈറാത്ത്, തെക്ക് ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത ആക്രമണത്തിന് നിര്‍ദേശം നല്‍കിയിരുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉദ്ധരിച്ച് ചൊവ്വാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ആക്രമണ കാരണങ്ങള്‍ വ്യക്തമാക്കിയില്ല.
ഗാസയില്‍ ഇസ്രായേല്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയ ഹമാസ് വെടി നിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ചെവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഹമാസ് ആക്രമണത്തില്‍ റിസര്‍വ് സൈനികനായ മാസ്റ്റര്‍ സര്‍ജന്റ് യോന എഫ്രയിം ഫെല്‍ഡ്ബോം കൊല്ലപ്പെട്ടതായി ഐഡിഎഫ് ആരോപിച്ചിരുന്നു. റഫയില്‍ ഒരു ഭൂഗര്‍ഭ തുരങ്ക പാത പൊളിച്ചുമാറ്റുകയായിരുന്ന ഐഡിഎഫ് എഞ്ചിനീയറിംഗ് സംഘത്തിന്റെ വാഹനങ്ങളിലൊന്നിന് നേരെ ഹമാസ് നടത്തിയ വെടിവയ്പ്പില്‍ സാര്‍ജന്റ് ഫെല്‍ഡ്ബോം കൊല്ലപ്പെട്ടതായാണ് ഐ?ഡിഎഫ് ആരോപിക്കുന്നത്.
ഇതിന് പിന്നാലെ പ്രദേശത്തെ സൈനികരുടെ മറ്റൊരു കവചിത വാഹനത്തിന് നേരെ നിരവധി ടാങ്ക് വേധ മിസൈലുകള്‍ തൊടുത്തുവിട്ടെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് ധാരണയായത്.






