എങ്ങിനെയെങ്കിലും പ്രശ്‌നം പരിഹരിച്ചെടുക്കാന്‍ സിപിഐഎം നെട്ടോട്ടം ; പിഎംശ്രീയില്‍ പന്ത് ഇപ്പോള്‍ സിപിഐയുടെ കോര്‍ട്ടില്‍ ; എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഉറപ്പായതോടെ ഈ നീക്കം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ നീക്കവുമായി സിപിഐഎം. പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു. നാളെ സിപിഐഎം- സിപിഐ ചര്‍ച്ച നടന്നേക്കും.
സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട സമവായ നീക്കങ്ങള്‍ക്കുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയും. പ്രശ്നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വരുന്നത് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കണമെന്നാണ് സിപിഐയുടെ നിലപാട്. അതുവരെ മറ്റൊരു നടപടിയിലേക്കും പോകരുതെന്നാണ് സിപിഐയുടെ ആവശ്യം.
മന്ത്രിസഭ ഉപസമിതി പിഎം ശ്രീ പദ്ധതിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് ജനുവരിയോടെ സമര്‍പ്പിക്കാമെന്ന നിര്‍ദേശമാണ് സിപിഐഎം മുന്നോട്ടുവെ ക്കുന്നത്. എന്നാല്‍ കാര്യങ്ങളെ നീട്ടിക്കൊണ്ടുപോകാനാണ് ഇതെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐഎം വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതേസമയം സിപിഐ അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുകയാണ്. സിപിഎം മുന്നോട്ടുവച്ച പുതിയ സമവായ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.





