നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സെക്രട്ടേറിയേറ്റില്‍ തീരുമാനം ; ഇടതുമുന്നണി ഐക്യം ഏതെങ്കിലും വിധത്തില്‍ തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് സിപിഐ

തിരുവനന്തപുരം : പിഎംശ്രീ പദ്ധതിയില്‍ തട്ടി സിപിഐഎം സിപിഐ ബന്ധത്തില്‍ വലിയ ഉലച്ചില്‍. നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് സിപിഐ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നാണ് സിപിഐയുടെ നിലപാട്. ധരാണപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കണമെന്നാണ് സിപിഐ യുടെ ആവശ്യം. അതുവരെ സിപിഐഎമ്മിന്റെ ഒരു നിലപാടും അംഗീകരിക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം.
അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ഇടതുമുന്നണി ഐക്യം തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന ചര്‍ച്ചകളാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മന്ത്രിസഭ ഉപസമിതി എന്ന നിര്‍ദേശത്തോട് യോജിക്കേണ്ട തില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. നാല് മന്ത്രിമാരും ഇതേ നിലപാട് സ്വീകരിച്ചു. സിപിഐ മുന്നോട്ടുവെച്ച നിലപാടിനോട് യോജിച്ചില്ലെങ്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്.
രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിര്‍ദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറല്‍ സെക്രട്ടറി എം.എ ബേബിയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. നിര്‍ദ്ദേശം തള്ളിക്കളയാന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കി. സബ് കമ്മിറ്റി വെക്കാനുള്ള തീരുമാനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പിഎം ശ്രീ പദ്ധതിയി ല്‍ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. സമവായ നീക്കം വരികയാണെങ്കില്‍ തന്നെ പദ്ധതിയുടെ ധാരണാ പത്രം മരവിപ്പിക്കണമെന്ന് സിപിഐ വ്യക്തമാക്കി.





