പൊതുമേഖലാ ബാങ്കുകളുടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍; ഉടമസ്ഥാവകാശം തുച്ഛമാക്കും; റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സജീവ ചര്‍ച്ചയില്‍; സാമ്പത്തിക വളര്‍ച്ച കൂടിയതോടെ വായ്പയിലും വര്‍ധന; ഇടിച്ചു കയറാന്‍ ജാപ്പനീസ്, അമേരിക്കന്‍ ബാങ്കുകള്‍
സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനമാണ് അനുവദനീയമായ പരമാവധി വിദേശ പങ്കാളിത്തം. പൊതുമേഖല ബാങ്കുകളില്‍ വിദേശ നിക്ഷേപ പരിധി 49ലേക്ക് ഉയര്‍ത്തിയാലും സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനം ഉണ്ടാവും. ഇതുവഴി നിയന്ത്രണം സര്‍ക്കാറിനു തന്നെയാകുമെന്നാണ് വാദം.

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം (ഫോറിന് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ്-എഫ്ഡിഐ) 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. പരിധി ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്തു വരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ല.
നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനും സ്വാധീനം വര്‍ധിപ്പിക്കാനും പ്രത്യേക താല്പര്യം ഈയിടെയായി കാട്ടുന്നുണ്ട്. ആര്.ബി.എല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരി 300 കോടി ഡോളറിന് ദുബൈ കേന്ദ്രമായുള്ള എന്‍.ബി.ഡി (National Bank of Dubai -NBD) വാങ്ങിയത് ഉദാഹരണം. യെസ് ബാങ്കിന്റെ (YES Bank) 20 ശതമാനം ഓഹരി സുമിടോമോ മിത്സുയി ബാങ്കിംഗ് കോര്പറേഷന് (Sumitomo Mitsui Bankking Corporation) 160 കോടി ഡോളര്‍ മുടക്കി വാങ്ങി. പീന്നീട് മറ്റൊരു 4.99 ശതമാനം ഓഹരി കൂടി വാങ്ങുകയും ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ (Federal Bank) 9.99 ശതമാനം ഓഹരി 6,200 കോടി രൂപ മുടക്കി വാങ്ങുകയാണ് യു.എസിലെ പ്രമുഖമായ ബ്ലാക്സ്റ്റോണ്‍ (Blackstone).
വിദേശ നിക്ഷേപകരില്‍ നിന്ന് മൂലധനം സമാഹരിച്ച് വളരുകയും പ്രവര്‍ത്തനം വിപുലപ്പെടുത്തുകയും ചെയ്യുന്ന സ്വകാര്യ ബാങ്കുകളുടെ രീതി ഒരു വഴിക്കു നടക്കുമ്പോള്‍, 12 പൊതുമേഖല ബാങ്കുകളുടെ സംയോജനം വഴി ഇന്ത്യയില്‍ വലിയ പൊതുമേഖല ബാങ്കുകളുടെ എണ്ണം നാലായി ഉയര്‍ത്താനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. വിദേശ നിക്ഷേപ പരിധി ഇരട്ടിപ്പിച്ച് 49 ശതമാനമാക്കാനുള്ള ചര്‍ച്ചാ വിവരം പുറത്തു വരുന്നത് ഇതിനൊപ്പമാണ്. സ്വകാര്യ, പൊതുമേഖല ബാങ്കുകളുടെ വ്യവസ്ഥകള്‍ തമ്മിലെ അന്തരം കുറച്ചു കൊണ്ടുവരാനും ഇതുവഴി ശ്രമിക്കുന്നു.
സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനമാണ് അനുവദനീയമായ പരമാവധി വിദേശ പങ്കാളിത്തം. പൊതുമേഖല ബാങ്കുകളില്‍ വിദേശ നിക്ഷേപ പരിധി 49ലേക്ക് ഉയര്‍ത്തിയാലും സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനം ഉണ്ടാവും. ഇതുവഴി നിയന്ത്രണം സര്‍ക്കാറിനു തന്നെയാകുമെന്നാണ് വാദം. ഇപ്പോള്‍ പൊതുമേഖല ബാങ്കുകളിലെ വിദേശനിക്ഷേപം പല അനുപാതത്തിലാണ്. കാനറ ബാങ്കില്‍ (Canara Bank) 12 ശതമാനമാണെങ്കില്‍ യൂക്കോ ബാങ്കില്‍ (UCO Bank) ഒട്ടുമില്ല.
വിദേശ പങ്കാളിത്തം കൂട്ടിയാലും നിയന്ത്രണം നഷ്ടപ്പെടാത്ത വിധം ജാഗ്രതാ വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ട്. തീരുമാനമെടുക്കുന്നതില്‍ വിദേശ നിക്ഷേപകന് നിയന്ത്രണം വരാത്ത വിധം ഒറ്റ ഓഹരി ഉടമയുടെ വോട്ടവകാശം പരമാവധി 10 ശതമാനമായി പരിമിതപ്പെടുത്തി നിര്‍ത്തിയിരിക്കുന്ന രീതി തുടരും.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശരാശരി നിലവില്‍ എട്ടു ശതമാനത്തില്‍ നില്ക്കുന്ന സാഹചര്യത്തില്‍ വായ്പയുടെ ആവശ്യവും കൂടിയിട്ടുണ്ട്. ഇതു കൂടുതലായി ബാങ്കുകളെ ആകര്‍ഷിക്കുന്ന് ഇന്ത്യയുടെ ധനകാര്യ മേഖലയില്‍ 127 ശതമാനത്തിന്റെ കുതിപ്പുമുണ്ടായി. നിലവില്‍ ഇത് എട്ടു ബില്യണ്‍ ഡോളറില്‍ എത്തി നില്ക്കുന്നെന്നാണു ജനുവരി മുതല്‍ സെപ്റ്റംബര്‍വരെയുള്ള കണക്കുകള്‍.
ഇന്ത്യയില്‍ നിലവില്‍ 12 പൊതുമേഖലാ ബാങ്കുകളിലായി 171 ട്രില്യണ്‍ രൂപയുടെ ആസ്തിയാണുള്ളത്. ആകെ ബാങ്കിംഗ് മേഖലയുടെ 55 ശതമാനത്തിന് അടുത്തുവരും ഇത്. പുതിയ നീക്കത്തിലൂടെ ഉടമസ്ഥാവകാശം 51 ശതമാനത്തില്‍ നിര്‍ത്തുകയാണ് ലക്ഷ്യം.






