‘പോലീസ് കോണ്‍സ്റ്റബിള്‍ നാല് തവണ ബലാത്സംഗം ചെയ്തു’: മഹാരാഷ്ട്രയിലെ വനിതാ ഡോക്ടര്‍ കൈവെള്ളയില്‍ കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു ; മഹാരാഷ്ട്രിയില്‍ വലിയ രാഷ്ട്രീയ കോലാഹലം

പൂനെ: അഞ്ച് മാസത്തിനിടെ നാല് തവണ ബലാത്സംഗം ചെയ്തു എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ക്കെതിരേ ആരോപണം ഉന്നയിച്ച് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ സത്താറയിലെ ജില്ലാ ആശുപത്രിയിലായിരുന്നു ആത്മഹത്യ.
എസ്ഐ ഗോപാല്‍ ബദ്നെ ശാരീരികവും മാനസികവുമായ പീഡനം നടത്തിയെന്നും നിരന്തരം ഉപദ്രവിച്ചെന്നും ഇരയായ ഡോക്ടര്‍ തന്റെ ഇടതു കൈപ്പത്തിയില്‍ എഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്.
നിരന്തരമായ ഉപദ്രവമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസുകാരന് ഗോപാല്‍ ബദ്നെയെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ‘പോലീസ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദ്നെയാണ് എന്റെ മരണത്തിന് കാരണം. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസിക-ശാരീരിക പീഡനത്തിനും ഇരയാക്കി,’ കുറിപ്പില്‍ പറയുന്നു.
ഫല്‍ട്ടാന്‍ സബ്-ഡിസ്ട്രിക്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറാണ് ആത്മഹത്യ ചെയ്ത ഡോക്ടര്‍. ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, ഇര ജൂണ്‍ 19 ന് ഫല്‍ട്ടാന്‍ സബ്-ഡിവിഷണല്‍ ഓഫീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) നെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഡിഎസ്പിക്ക് അയച്ച കത്തില്‍, ഫല്‍ട്ടാന്‍ റൂറല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപദ്രവ ആരോപണം ഉന്നയിക്കുകയും അവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബദ്നെ, സബ്-ഡിവിഷണല്‍ പോലീസ് ഇന്‍സ്പെക്ടര്‍ പാട്ടീല്‍, അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ ലഡ്പുത്രെ എന്നിവരെയാണ് അവര്‍ കത്തില്‍ പേരെടുത്ത് പറഞ്ഞിരുന്നത്. താന്‍ അമിതമായ സമ്മര്‍ദ്ദത്തിലായിരുന്നെന്നും, അതിനാല്‍ ഗുരുതരമായ ഈ വിഷയം അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി നടന്ന ആത്മഹത്യ വെള്ളിയാഴ്ച സംസ്ഥാനത്ത് രാഷ്ട്രീയ കോലാഹലത്തിന് കാരണമായി. സംസ്ഥാന കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവറാവു വഡെട്ടിവാര്‍ ആത്മഹത്യാക്കുറിപ്പിന്റെ പേരില്‍ ഭരണകക്ഷിയായ മഹായായിതി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ‘സംരക്ഷകന്‍ വേട്ടക്കാരനാകുമ്പോള്‍! സംരക്ഷിക്കേണ്ട ചുമതല പോലീസിനാണ്, എന്നാല്‍ അവര്‍ തന്നെ ഒരു വനിതാ ഡോക്ടറെ ചൂഷണം ചെയ്താല്‍ എങ്ങനെ നീതി ലഭിക്കും? ഈ പെണ്‍കുട്ടി മുമ്പ് പരാതി നല്‍കിയിട്ടും എന്തുകൊണ്ട് നടപടിയുണ്ടായില്ല? മഹായായിതി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പോലീസിനെ സംരക്ഷിക്കുന്നത് പോലീസിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു,’ അദ്ദേഹം എക്സില്‍ ഇട്ട കുറിപ്പില്‍ പറഞ്ഞു.
ഭരണകക്ഷിയായ മഹായായിതിയുടെ ഭാഗമായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഡോക്ടറുടെ ആത്മഹത്യയില്‍ സമഗ്രമായ അന്വേഷണം ഉറപ്പുനല്‍കി. ശിവസേനയോടൊപ്പം ഭരണ സഖ്യത്തിന്റെ ഭാഗമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷനും ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തി, ഡോക്ടറുടെ പരാതിയില്‍ നടപടിയെടുക്കാതിരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി.






