സമോസയുടെ പേരില്‍ കുട്ടികള്‍ തമ്മില്‍തര്‍ക്കം, പരിഹരിക്കാന്‍ ചെന്ന 65-കാരനെ വാളുകൊണ്ട് വെട്ടിക്കൊന്നു ; യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു

പാറ്റ്‌ന: സമോസയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 65 വയസ്സുള്ള ഒരു കര്‍ഷകനെ യുവതി വെട്ടിക്കൊന്നു. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ കൗലോദിഹാരി ഗ്രാമവാസിയായ ചന്ദ്രമ യാദവ് ഞായറാഴ്ചയാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി.
കൗലോദിഹാരി ഗ്രാമത്തിലെ ഒരു കുട്ടി സമോസ വാങ്ങാന്‍ പോയപ്പോള്‍, മറ്റ് ചില കുട്ടികള്‍ ഭക്ഷണ സാധനം തട്ടിപ്പറിക്കുകയും അവനെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്്. ഇത് കുട്ടികളുടെ കളിയായി കണ്ട ചന്ദ്രമ യാദവ് അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനായി സമോസ കടയിലേക്ക് പോയി. അവിടെവെച്ച് അദ്ദേഹം മറ്റ് ഗ്രാമവാസികളോടും സംസാരിക്കാന്‍ തുടങ്ങി, എന്നാല്‍ ഇതിനിടെ വാക്ക് തര്‍ക്കമുണ്ടായി.
വാക്ക് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ, ഒരു യുവതി വാളെടുത്ത് യാദവിന്റെ തലയ്ക്ക് വെട്ടുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പട്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിന് പിന്നാലെ പോലീസ് ഉടന്‍ നടപടി സ്വീകരിക്കുകയും കേസെടുക്കുകയും ചെയ്തു. യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.






