”ഞാന്‍ ഇപ്പോള്‍ തൂങ്ങിമരിച്ച് ജീവിതം അവസാനിപ്പിക്കുകയാണ്” 22 വയസ്സുകാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു ; കാരണം യുവതിയുടെ മാതാപിതാക്കളെന്ന് പോസ്റ്റ്

റായ്്പൂര്‍: ചത്തീസ്ഗഢിലെ ധംതാരി ജില്ലയില്‍ 22 വയസ്സുള്ള ഒരു യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ‘കുറ്റസമ്മതം’ പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്തു. തന്റെ ഈ കടുംകൈക്ക് കാരണം ഭാര്യയുടെ മാതാപിതാക്കളാണെന്ന് യുവാവ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിക്കുന്നു.
കരെലിബാഡി പോലീസ് ഔട്ട്പോസ്റ്റിന്റെ പരിധിയിലുള്ള ഹാര്‍ദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹിതേഷ് യാദവ്, ലക്ഷ്മി യാദവ് ദമ്പതികളാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ദമ്പതികള്‍ മുറിയിലേക്ക് പോയത്. പിറ്റേന്ന് രാവിലെ വാതിലില്‍ പലതവണ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ഹിതേഷിന്റെ മൂത്ത സഹോദരനായ ഗിതേശ്വര്‍ യാദവ് വെന്റിലേഷനിലൂടെ മുറിയിലേക്ക് നോക്കിയപ്പോള്‍ ലക്ഷ്മി നിലത്ത് അനക്കമില്ലാതെ കിടക്കുന്നതും ഹിതേഷ് സീലിംഗില്‍ തൂങ്ങിനില്‍ക്കുന്നതും കണ്ടു.
വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ലക്ഷ്മിയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്നും ഹിതേഷ് ഒരു സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചതാണെന്നുമാണ്.
കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഹിതേഷ് ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചതായി ആരോപിക്കപ്പെടുന്നു: ”ഞാന്‍, ഹിമ്മത്ത് യാദവ്, എന്റെ ഭാര്യ ലക്ഷ്മി യാദവിനെ കൊലപ്പെടുത്തി. കാരണമൊന്നുമില്ല, പക്ഷേ അവളുടെ മാതാപിതാക്കള്‍ കാരണമാണ് ഞാനിത് ചെയ്തത്. ഞാന്‍ ഇപ്പോള്‍ തൂങ്ങിമരിച്ച് ജീവിതം അവസാനിപ്പിക്കുകയാണ്.”
ഏകദേശം ഒരു വര്‍ഷം മുമ്പാണ് ഹിതേഷ്, മൊഹന്ദി ഗ്രാമവാസിയായ ലക്ഷ്മിയെ വിവാഹം കഴിച്ചതെന്ന് ഗിതേശ്വര്‍ പോലീസിനോട് പറഞ്ഞു. ലക്ഷ്മി ഗിതേശ്വറിന്റെ ഭാര്യയുടെ ഇളയ സഹോദരിയായിരുന്നു. വിവാഹശേഷം കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദമ്പതികള്‍ ലക്ഷ്മിയുടെ മാതാപിതാക്കളോടൊപ്പം മൊഹന്ദി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഒക്ടോബര്‍ 19-ന് വൈകുന്നേരം ദീപാവലി ആഘോഷിക്കുന്നതിനായി ഇവര്‍ ഹാര്‍ദിയില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.






