ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും ; പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കും ; പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പരിഹാസവുമായി കെ.സുരേന്ദ്രന്

എകെജി സെന്ററില്‍ വിളിച്ച് പിണറായി രണ്ടു കണ്ണുരുട്ടല്‍ നടത്തുമ്പോള്‍ ബിനോയ് വിശ്വത്തിന്റെ എല്ലാ എതിര്‍പ്പുകളും അവസാനിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. വെളിയം ഭാര്‍ഗവനെ പോലെയുള്ള നല്ല നേതാക്കള്‍ ഉണ്ടായിരുന്ന സിപിഐയ്ക്ക് ഇപ്പോള്‍ നാട്ടില്‍ ഒരു പ്രസക്തിയും ഇല്ലെന്നും പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പാണെന്നും പറഞ്ഞു.
ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും. പിന്നീട് എതിര്‍പ്പ് അവസാനിക്കുമെന്നും കെ സുരേന്ദ്രന് പരിഹസിച്ചു. നേരത്തേ പിഎംശ്രീ പദ്ധതിയെ എതിര്‍ത്ത് സിപിഐ രംഗത്ത് വന്നിരുന്നു. കേന്ദ്രവിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കാന്‍ കാരണമാകുമെന്ന് ആയിരുന്നു സിപിഐ നടത്തിയ വിമര്‍ശനം. നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കെ സുരേന്ദ്രന് രംഗത്തെത്തിയത്.
സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ അടക്കം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.എന്നാല്‍ രണ്ട് വര്‍ഷമായി മുടങ്ങികിടക്കുന്ന 1500 കോടിയോളം രൂപ വാങ്ങിച്ചെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ നേതാക്കള്‍ രംഗത്ത് എത്തി.
ശബരിമല സ്വര്‍ണക്കൊള്ളയിലും കെ സുരേന്ദ്രന് പ്രതികരിച്ചു. ഉണ്ണികൃഷ്ണന് പോറ്റിയെ മൊഴി പഠിപ്പിച്ച ശേഷമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതെന്ന് അദേഹം ആരോപിച്ചു. സര്‍ക്കാര്‍ ചെയ്തത് കുറുക്കന്റെ കയ്യില്‍ കോഴിയെ ഏല്‍പ്പിച്ച പോലെയുള്ള പണിയെന്നും കെ സുരേന്ദ്രന് കുറ്റപ്പെടുത്തി. ക്ഷേത്ര സ്വത്ത് കൊള്ളയടിക്കാന്‍ സിപിഐഎം രാഷ്ട്രീയ തീരുമാനം എടുത്തിയിരുന്നുവെന്നും പിണറായിക്കും കൂട്ടര്‍ക്കും സ്വര്‍ണം വീക്ക്നെസ് ആണെന്നും അദേഹം പരിഹസിച്ചു.






