‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ ; മട്ടന്നൂര്‍ പോളിയില്‍ വിജയം നേടിയതിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്ക്കെതിരെ എതിരെ കെഎസ്യു ബാനര്‍

കണ്ണൂര്‍: മട്ടന്നൂര്‍ പോളിടെക്നിക് യൂണിയന് തെരഞ്ഞെടുപ്പിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്ക്കെതിരെ കെഎസ്യുവിന്റെ ബാനര്‍ രാഷ്ട്രീയവിവാദമാകുന്നു. പിന്നാലെ എസ്എഫ്ഐയ്ക്ക് എതിരേ എംഎസ്എഫും രംഗത്ത് വന്നു. യൂണിയന് തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് വിജയിച്ചതിന് പിന്നാലെയാണ് ബാനര്‍ ഉയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്.
ഇതിന് പിന്നാലെയാണ് ബാനര്‍ ഉയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ വന്നത്. ‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ എന്നൊയിരുന്നു വാചകം. അതേസമയം ശൈലജക്കെതിരെ ഉയര്‍ന്ന ബാനര്‍ അവരുടെ ജനപ്രീതി കെഎസ് യുവിന് പിടിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും അരാഷ്ട്രീയവും അപക്വവുമായ പ്രവര്‍ത്തിയെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. പോളി തെരഞ്ഞെടുപ്പും ശൈലജ ടീച്ചറും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ശൈലജ ടീച്ചര്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന ഈ അക്രമം എത്ര ബാലിശവും, എത്രമാത്രം നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിനും തെളിവാണെന്നും പറഞ്ഞു.
എസ്എഫ്ഐ സമാനമായി അധിക്ഷേപ ബാനര്‍ ഇറക്കിയാല്‍ കേരളത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മതിയാകാതെ വരും. അതുമാത്രമല്ല, സ്കൂള്‍ പാര്‍ലമെന്റ്, കണ്ണൂര്‍, കാലിക്കറ്റ്, എം ജി, കേരള, സംസ്കൃതം ഉള്‍പ്പടെ ഇവിടങ്ങളിലെ വിജയം കേരളം കണ്ടതാണ്. ജനപ്രതിനിധികള്‍ക്കപ്പുറം ഇന്നലെ പ്രഖ്യാപിച്ച ജംബോ കമ്മിറ്റി പോലും മതിയാകാതെ വരും. ഈ ജീര്‍ണിച്ച രാഷ്ട്രീയം മുഖമുദ്രയായി മാറിയതാണ് പ്രതിപക്ഷത്ത് നിരന്തരമായി ഇരിക്കേണ്ടി വരുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയമതല്ല. കൊച്ചുകേരളത്തിലെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിദ്യാലയങ്ങളില്‍ പോലും എസ്എഫ്ഐ ഉയര്‍ത്തുന്ന ബാനര്‍ ലോക രാഷ്ട്രീയത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ വിദ്യാര്‍ത്ഥിത്വം എസ്എഫ്ഐയോടൊപ്പം അണിനിരക്കുന്നു. കോണ്‍ഗ്രസിന്റെ ഈ പുത്തന്‍ ആക്ഷേപ സംസ്കാരം റീല്‍, പീഡന വീരന്മാരുടെ വകയാണെന്ന് ഈ കേരളം തിരിച്ചറിഞ്ഞതുമാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വ്യക്തി അധിക്ഷേപത്തിന്റെ വേദിയാക്കി മാറ്റുകയാണ്. വരും ജനവിധി നിങ്ങള്‍ക്ക് എതിരാവും എന്നുറപ്പാണെന്നും സഞ്ജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെതിരെ എംഎസ്എഫ് പ്രവര്‍ത്തകരും ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മലപ്പുറം എസ്എസ്എം പോളിടെക്നിക്കിലായിരുന്നു സംഭവം. ‘സഞ്ചീവാ നിന്റെ കൊണയടി അങ്ങ് തീര്‍ത്തിട്ടുണ്ട്’ എന്നെഴുതിയ ബാനറാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.






