Breaking NewsIndiaLead Newspolitics

ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത് അമേരിക്ക ; പ്രധാനമന്ത്രി ഈജിപ്തില്‍ പോകാതെ ഒളിച്ചോടി ; തിരസ്‌ക്കരിച്ചിട്ടും അഭിനന്ദനസന്ദേശം അയച്ചുകൊണ്ടിരിക്കുന്നത് പേടിച്ചിട്ടെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പേടിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റിനോടുള്ള ഭയംകാരണം ഇന്ത്യയുടെ വിദേശനയം തീരുമാനിക്കാന്‍ ബിജെപി ഭരണകൂടം അമേരിക്കയെ ഏല്‍പ്പിച്ചെന്നും ആക്ഷേപിച്ചു. ഗാസ സമാധാന ഉച്ചകോടി നടന്ന ഈജിപ്തില്‍ പോകാതെ ഒളിച്ചോടിയെന്നും ട്രംപ് നിരന്തരം തിരസ്‌ക്കരിച്ചിട്ടും ഇപ്പോഴും അഭിനന്ദനസന്ദേശം അയച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

ഇന്ത്യ ഉടന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് തനിക്ക് മോദി ഉറപ്പ് നല്‍കിയെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. എക്‌സിലിട്ട പോസ്റ്റിലായിരുന്നു വിമര്‍ശനം. അഞ്ചു പോയിന്റുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പോസ്റ്റ്. ”പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നു. 1. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു. 2. ആവര്‍ത്തിച്ചുള്ള അവഗണനകള്‍ക്കിടയിലും അഭിനന്ദന സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടരുന്നു. 3. ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. 4. ശര്‍ം എല്‍-ഷെയ്ക്കിനെ ഒഴിവാക്കി. 5. ഓപ്പറേഷന്‍ സിന്ദൂരില്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമല്ല,” ഗാന്ധി പറഞ്ഞു.

Signature-ad

പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നതുകൊണ്ടാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നതെന്നത് ഉള്‍പ്പെടെ അനേകം ആരോപണങ്ങളാണ് രാഹുല്‍ഗാന്ധി നടത്തിയിരിക്കുന്നത്. ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവഗണനകള്‍ക്കിടയിലും മോദി അഭിനന്ദന സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടരുകയാണെന്നും ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയതും ഈജിപ്തില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിയില്‍ നിന്നും മോദി വിട്ടു നിന്നതും ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയും പാകിസ്താനം തമ്മിലുള്ള പ്രശ്നം അവസാനിപ്പിച്ചെന്ന ട്രംപിന്റെ നിരന്തരമുള്ള വാദവും രാഹുല്‍ ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: