പട്ടാപ്പകല്‍ തോക്കുചൂണ്ടി നടത്തിയത് സിനിമയിലെ രംഗങ്ങള്‍ പോലെയുള്ള കവര്‍ച്ച ; രണ്ടുപേര്‍ ആദ്യം ബൈക്കിലെത്തി രംഗം നിരീക്ഷിച്ചു ; അഞ്ചുപേര്‍ പിന്നാലെ കാറിലുമെത്തി

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി നടത്തിയ കവര്‍ച്ച കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതെന്ന് പോലീസ്. സംഭവത്തില്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ആദ്യം രണ്ടുപേര്‍ ബൈക്കിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങിയതിന് പിന്നാലെ കാറില്‍ അഞ്ചംഗ സംഘം എത്തുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് കവര്‍ച്ച നടന്നത്.
സിനിമയുടെ പകര്‍പ്പായ രംഗങ്ങളായിരുന്നു നടന്നത്. ബൈക്കിലും കാറിലുമായി എത്തിയ സംഘം സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിര്‍ത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കടന്നു. അക്രമികള്‍ അകത്തേക്ക് കടക്കുന്ന സമയത്ത് മേശപ്പുറത്ത് വെച്ച് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു ജീവനക്കാര്‍. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് കടയില്‍ ഉള്ളവര്‍ക്കും വ്യക്തമായില്ല. കടയെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആളുകളായിരിക്കാം കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.
കടയില്‍ വന്‍തുകകള്‍ കൈകാര്യം ചെയ്യുന്നതാണെന്ന വിവരം അറിഞ്ഞുകൊണ്ടു തന്നെയായിരിക്കാം ഇവിടം തെരഞ്ഞെടുത്തിരിക്കുക എന്നും പോലീസ് സംശയിക്കുന്നുണ്ട്. മൊത്തവിതരണ സ്ഥാപനമായതിനാല്‍ വന്‍തുകകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും സിസിടിവി ഇല്ല എന്ന കാര്യവും വിലയിരുത്തിയിരിക്കാമെന്നും കരുതുന്നു. സ്‌റ്റോക്ക് എടുക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കടയില്‍ ഉണ്ടായിരുന്നതെന്നും വിവരമുണ്ട്. പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ വിവരം നല്‍കിയ ആളാണോ സംഘത്തില്‍ പെട്ടയാളാണോ എന്ന വിവരത്തില്‍ വ്യക്തത വന്നിട്ടില്ല. 80 ലക്ഷം രൂപയാണ് സ്ഥാപനത്തില്‍ നിന്നും നഷ്ടമായത്.






