മെസ്സി അല്‍നസറിന്റെ കാലിനോളം പോലും വരില്ല ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരന്‍ ; പോര്‍ച്ചുഗല്‍ നായകന്റെ ആസ്തി 12,429 കോടി രൂപ

ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട് പോര്‍ച്ചുഗീസ് നായകനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. സാമ്പത്തിക വിവര-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരനായി മാറി.
കരിയറിലെ വരുമാനം, നിക്ഷേപങ്ങള്‍, എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ കണക്കിലെടുത്തുള്ള ഈ മൂല്യനിര്‍ണ്ണയം അനുസരിച്ച് റൊണാള്‍ഡോയുടെ ആസ്തി 12,429 കോടി ആണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തി ട്രാക്ക് ചെയ്യുന്ന ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് ആണ് അല്‍ നസര്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ ആസ്തി ആദ്യമായി അളന്നത്. 2002 നും 2023 നും ഇടയില്‍ അദ്ദേഹം ഏകദേശം 4,438.38 കോടി രൂപ ശമ്പളമായി നേടി. പ്രതിവര്‍ഷം ഏകദേശം 154.84 കോടി രൂപ മൂല്യമുള്ള നൈക്കിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട കരാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡോഴ്സ്മെന്റ് വരുമാനവും താരത്തിനുണ്ട്.
2022-ല്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍-നസ്രില്‍ ചേര്‍ന്നപ്പോള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി. അന്ന് അദ്ദേഹത്തിന് വാര്‍ഷിക ശമ്പളമായി 2,110 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. 2025 ജൂണില്‍ അവസാനിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ കരാര്‍, റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 3552 കോടി രൂപ മൂല്യമുള്ള പുതിയ രണ്ട് വര്‍ഷത്തെ കരാറിലേക്ക് ഒപ്പുവെച്ചിരിക്കുകയാണ്.
സ്‌പെയിനിലെ കരിയറില്‍ വര്‍ഷങ്ങളോളം റൊണാള്‍ഡോക്കെതിരെ കളിച്ച അര്‍ജന്റീനയുടെയും ഇന്റര്‍ മിയാമിയുടെയും ഫോര്‍വേഡ് ലയണല്‍ മെസ്സി തന്റെ കരിയറില്‍ നികുതിക്ക് മുമ്പായി 5328 കോടി രൂപ ശമ്പളമായി നേടിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് പറയുന്നു. 2023 മുതല്‍ പ്രതിവര്‍ഷം 177 കോടി രൂപ അദ്ദേഹത്തിന് വാര്‍ഷിക ശമ്പളമായി ലഭിക്കുന്നുണ്ട്. ഇത് ഇതേ കാലയളവില്‍ റൊണാള്‍ഡോയുടെ വരുമാനത്തിന്റെ ഏകദേശം 10 ശതമാനം മാത്രമാണ്. 38 കാരനായ മെസ്സി ഇന്റര്‍ മിയാമിയില്‍ ഓഹരി നേടുമെന്നും റിപ്പോര്‍ട്ടുണ്ട്.






