ലോകം ഉറ്റുനോക്കുന്ന തീരുമാനം; അഞ്ചു വര്‍ഷത്തിനുശേഷം യാഥാര്‍ഥ്യത്തിലേക്ക്; നേരിട്ടുള്ള വിമാന സര്‍വീസിന് ഇന്ത്യയും ചൈനയും; ട്രംപിന്റെ തീരുമാനങ്ങള്‍ കൂട്ടുകെട്ടുകള്‍ പുനര്‍ നിര്‍വചിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിട്ട് ഏറെക്കുറെ അഞ്ച് വര്‍ഷത്തോളമായി. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ തുടങ്ങിയ ഉരസല്‍ പിന്നെ നയതന്ത്ര മേഖലയിലേക്ക് ശക്തമായ പടര്‍ന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായുള്ള രണ്ടാം വരവിലെ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളും ഭീഷണികളും ലോക രാജ്യങ്ങള്‍ തമ്മിലുള്ള സമവാക്യങ്ങള്‍ മാറ്റിമറിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും ‘ഭായി ഭായി’ ആകുന്നത്. അഞ്ച് വര്‍ഷത്തിനിപ്പുറം ലോകം ഉറ്റുനോക്കുന്ന തീരുമാനമാണ് ഇന്നുണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമായി എന്നത് ആഗോള സാഹചര്യത്തില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
ഇരുരാജ്യങ്ങളുടെയും ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. 2020 ലെ നിര്‍ത്തലാക്കപ്പെട്ട വിമാന സര്‍വീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് വഷളായ ബന്ധം ഇതോടെ ശരിയാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ അവസാനത്തോടെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ തമ്മില്‍ നടന്ന സാങ്കേതിക ചര്‍ച്ചകളാണ് ഈ ധാരണയിലേക്ക് നയിച്ചത്. ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയം പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. വിമാന സര്‍വീസുകളുടെ പുനരാരംഭിക്കല്‍ ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വര്‍ധിപ്പിക്കുന്നതിനും വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള നീക്കം ഇന്ത്യ – ചൈന ബന്ധത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിമാന സര്‍വീസുകളുടെ പുനരാരംഭിക്കല്‍ നേരിട്ടുള്ള വ്യാപാര, വിനോദസഞ്ചാര, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങളും ഇതോടെ കൂടുതല്‍ മെച്ചപ്പെടുമെന്ന് ഉറപ്പാണ്.
ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ 2025 ഒക്ടോബര്‍ 26 മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് ദിവസേന നോണ്‍ – സ്റ്റോപ്പ് വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. റെഗുലേറ്ററി അനുമതികള്‍ക്ക് വിധേയമായി, ദില്ലിയില്‍ നിന്ന് ഗ്വാങ്ഷൂവിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. എയര്‍ബസ് എ 320 നിയോ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഈ സര്‍വീസുകള്‍, അതിര്‍ത്തി കടന്നുള്ള വ്യാപാരം, തന്ത്രപ്രധാനമായ ബിസിനസ് പങ്കാളിത്തം, ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്‍ഡിഗോ പ്രത്യാശ പ്രകടിപ്പിച്ചു.
india-china-to-resume-direct-flights-from-october-end-after-5-year-freeze-articleshow






