ബ്രിട്ടനില്‍ ജൂത സിനഗോഗിനു നേരേ ആക്രമണം: രണ്ടു മരണം; അക്രമിയെ വെടിവച്ചു കൊന്നു; ശരീരത്തില്‍ സ്ഫോടക വസ്തു കെട്ടിവച്ച് ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി; സുരക്ഷാ ജീവനക്കാരനെ കുത്തിവീഴ്ത്തി

ജൂതരുടെ വിശുദ്ധദിവസമായ യോം കിപ്പൂര്‍ ദിനത്തില്‍ മാഞ്ചസ്റ്ററില്‍ സിനഗോഗിനുനേരെ ആക്രമണം. ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ചെത്തിയ അക്രമി ആദ്യം സിനഗോഗിനുമുന്നിലെ റോഡിലൂടെ നടന്നുപോയവര്‍ക്കിടയിലേക്ക് കാറിടിച്ചുകയറ്റി. അതിനുശേഷം സിനഗോഗിലെ സുരക്ഷാജീവനക്കാരനെ കുത്തിവീഴ്ത്തി. സിനഗോഗിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തി അക്രമിക്കുനേരെ വെടിയുതിര്‍ത്തു. ശരീരത്തില്‍ കെട്ടിവച്ച സ്ഫോടകവസ്തു കാണിച്ച് ആളുകളെ ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വെടിയേറ്റുവീണ അക്രമി തല്‍ക്ഷണം മരിച്ചു. ഭീകരാക്രമണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്തശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്. സ്ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്ഫോടനം വഴി നശിപ്പിച്ചു. മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്ഗ്രിഗേഷന് സിനഗോഗിലാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ കാറിടിച്ചും മറ്റൊരാള്‍ കുത്തേറ്റുമാണ് മരിച്ചതെന്നാണ് വിവരം. ഫുട്പാത്തിലേക്ക് കാറിടിച്ച് കയറ്റിയ ഉടന്‍ പരിസരത്തുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചതിനാലാണ് കൂടുതല്‍ ആക്രമണം തടയാന്‍ കഴിഞ്ഞത്. കാറിടിച്ചും കുത്തേറ്റും പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു.
ആക്രമണം നടക്കുമ്പോള്‍ സിനഗോഗിനുള്ളില്‍ പ്രായമായവരടക്കം ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. വിശുദ്ധദിനത്തിലെ ആക്രമണത്തിന്റെ നടുക്കത്തില്‍ മിക്കവരും കരഞ്ഞുകൊണ്ടാണ് സിനഗോഗില്‍ നിന്ന് പുറത്തുവന്നത്. ബ്രിട്ടണില്‍ ജൂതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഉണ്ടായത്. 2014ല്‍ മാത്രം 3500ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാഞ്ചസ്റ്റര്‍ ആക്രമണത്തെത്തുടര്‍ന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയെ സ്റ്റാമെര്‍ കോപ്പന്‍ഹേഗനിലെ യൂറോപ്യന്‍ ഉച്ചകോടി റദ്ദാക്കി ലണ്ടനില്‍ തിരിച്ചെത്തി. ബ്രിട്ടണിലെ മുഴുവന്‍ ജൂത ആരാധനാലയങ്ങളുടെയും സുരക്ഷ വര്‍ധിപ്പിച്ചു.
മാഞ്ചസ്റ്റര്‍ സിനഗോഗ് ആക്രമണത്തെ ബ്രിട്ടണിലെ ചാള്‍സ് രാജാവും പ്രധാനമന്ത്രി കിയെ സ്റ്റാമെറും അപലപിച്ചു. ‘അങ്ങേയറ്റം ദുഖകരവും നടുക്കമുണ്ടാക്കുന്നതും’ എന്നായിരുന്നു ചാള്‍സ് രാജാവിന്റെ പ്രതികരണം. ജൂതരുടെ ഏറ്റവും വിശുദ്ധമായ ദിനത്തില്‍ ഇത്തരമൊരു ആക്രമണം നടത്തിയത് തികച്ചും ഹീനമാണെന്ന് കിയെ സ്റ്റാമര്‍ പറഞ്ഞു. 2023 ഒക്ടോബറില്‍ ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യയ്ക്ക് തുല്യമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടണില്‍ ജൂതവിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
manchester-synagogue-attack-heaton-park-hebrew-congregation






