Breaking NewsIndiaLead News

നല്ല ക്യാപ്റ്റന്‍മാര്‍ മൂന്നാം അംപയര്‍മാരുടെ നിര്‍ദേശപ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാറില്ല ; ഇന്ത്യാ-പാക് യുദ്ധം നിര്‍ത്തിയെന്ന ട്രംപിന്റെ അവകാശവാദത്തില്‍ പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ കൊട്ട്

ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിനെ പ്രധാനമന്ത്രിയെ വിമര്‍ശിക്കാനുള്ള ഉപാധിയാക്കി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേറ. ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ക്രിക്കറ്റ് മത്സരത്തെ യുദ്ധക്കളവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഖേറ പ്രധാനമന്ത്രിയോട് പറഞ്ഞു. ”…എങ്കിലും നിങ്ങള്‍ താരതമ്യം ചെയ്ത സ്ഥിതിക്ക് ടീമില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. വിജയത്തോട് അടുക്കുമ്പോള്‍, നല്ല ക്യാപ്റ്റന്‍മാര്‍ ഒരു മൂന്നാം അമ്പയറുടെ നിര്‍ദ്ദേശപ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാറില്ല.” പാകിസ്താനുമായുള്ള വെടിനിര്‍ത്തലിനെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങള്‍ സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസ് ആക്രമണം.

Signature-ad

മേയ് 10-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിലൂടെ പ്രഖ്യാപിച്ച ഇന്ത്യാ-പാക് ഓപ്പറേഷന്‍ സിന്ദൂര്‍ വെടിനിര്‍ത്തലിന് ശേഷം, ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെച്ചൊല്ലി കോണ്‍ഗ്രസ് ബിജെപിയെ വിമര്‍ശിച്ചിരുന്നു. മേയ് 16-ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ സഹായിച്ചു…’ എന്നാണ്.

വെടിനിര്‍ത്തല്‍ പാകിസ്താന്റെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നുവെന്ന് ഇന്ത്യ ഉറച്ചുപറഞ്ഞിട്ടും ട്രംപ് ഈ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചു. ഈ മാസം യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ട്രംപ് ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് അഞ്ച് ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ ആറ് സൈനിക വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് സ്ഥിരീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് രംഗത്തെത്തിയിരുന്നു. ‘എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍… മെയ് 10-ന് വൈകുന്നേരം പ്രധാനമന്ത്രി എന്തിനാണ് പെട്ടെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയത്… എവിടെ നിന്നാണ് സമ്മര്‍ദ്ദം വന്നത്…’

ഖേറയുടെ സഹപ്രവര്‍ത്തകനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു, ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളയാന്‍ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറില്‍ ‘മൂന്നാം അമ്പയറെ’ ശ്രദ്ധിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരായതിന് പിന്നില്‍, ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന വ്യാപാര കരാറുകളും, ട്രംപ് ഇന്ത്യയില്‍ 50 ശതമാനം നികുതി ചുമത്തിയതും ഒരു കാരണമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ഇതിനിടെ, ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ ഇരുവശങ്ങളിലുമുള്ള സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിന്റെ ഫലമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ജൂണില്‍ ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പാകിസ്താന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് വെടിനിര്‍ത്തലിന് ഉത്തരവിട്ടതെന്ന് ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നും, ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള നിലവിലുള്ള ആശയവിനിമയ ചാനലുകളിലൂടെയാണ് വെടിനിര്‍ത്തലിന്റെ നിബന്ധനകള്‍ ചര്‍ച്ച ചെയ്തതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

 

Back to top button
error: