സ്‌കൂട്ടര്‍ പുഴക്കരയില്‍ ഉപേക്ഷിച്ചു, മരിക്കാന്‍ പോകുന്നുവെന്ന് കത്ത്; ലക്ഷങ്ങള്‍ തട്ടിയ ‘വില്ലത്തി’ മൂന്ന് വര്‍ഷത്തിനുശേഷം പിടിയില്‍

കോഴിക്കോട്: മരിക്കാന്‍ പോകുകയാണെന്ന് കത്തെഴുതി വച്ചശേഷം നാടുവിട്ട യുവതിയെ മൂന്ന് വര്‍ഷത്തിന് ശേഷം കണ്ടത്തി. ചെറുവണ്ണൂര്‍ മാതൃപ്പിള്ളി വര്‍ഷയെയാണ് (30) കണ്ടെത്തിയത്.
ഫറോക്ക് എട്ടേമൂന്ന് വാഴപ്പുറത്തറയിലെ വാടകവീട്ടില്‍ നിന്ന് 2022 നവംബര്‍ 11ന് രാവിലെയാണ് യുവതി സ്‌കൂട്ടറില്‍ പോയത്. കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ യുവതിയുടെ സ്‌കൂട്ടര്‍ അറപ്പുഴ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഫോണും സിമ്മും ഉപേക്ഷിച്ച വര്‍ഷയെ തേടി വ്യാപക അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
കമ്മിഷണറുടെ നിര്‍ദേശപ്രകാരം നിയോഗിച്ച സ്പെഷ്യല്‍ സ്‌ക്വാഡ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും യുവതി ജീവിച്ചിരിപ്പുണ്ടെന്നും ഇന്റര്‍നെറ്റ് കോളുകള്‍ വഴി വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം പിടികൂടിയത്.
യുവതി 2022 നവംബറില്‍ ഫറോക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപത്തില്‍ 226.5 ഗ്രാം വ്യാജ സ്വര്‍ണം പണയം വച്ച് 9.10 ലക്ഷം രൂപ കൈക്കലാക്കിയതായും ഒട്ടേറെ വ്യക്തികളില്‍ നിന്ന് പണം കടം വാങ്ങിയതായും പൊലീസ് കണ്ടെത്തി. പുഴയില്‍ ചാടി മരിച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കത്തെഴുതി വച്ച് പാലത്തിന് സമീപം സ്‌കൂട്ടര്‍ നിര്‍ത്തി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.






