വന്‍കരയുടെ രാജാക്കന്‍മാര്‍ ആര്? വീണ്ടും ഇന്ത്യ-പാക് ത്രില്ലര്‍; എല്ലാ കളിയും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നീലപ്പട; പാകിസ്താന്‍ തോറ്റത് ഇന്ത്യക്കെതിരേ മാത്രം; വീണ്ടും പോരാട്ടത്തിന്റെ ഞായര്‍

ദുബായ്: വന്‍കരയുടെ രാജാക്കന്മാരാകാന്‍ ഇന്ത്യയും പകരംവീട്ടാന്‍ പാക്കിസ്ഥാനും ഇന്ന് ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍. എതിരാളികളെയെല്ലാം തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവെങ്കില്‍ പാക്കിസ്ഥാന്‍ തോറ്റത് രണ്ടുവട്ടം. രണ്ടുതോല്‍വിയും ഇന്ത്യയ്ക്കെതിരെ. രാത്രി എട്ടുമണിക്കാണ് ഫൈനല്‍. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ത്രില്ലര്‍ വരുന്നത്.
41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്. സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മ. കറക്കിവീഴ്ത്തി കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ഈ സമവാക്യത്തിന് പാക്കിസ്ഥാന് മറുപടിയില്ല. 309 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ അഭിഷേക് നല്‍കുന്ന തുടക്കത്തില്‍ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളില്‍ അര്‍ധ സെഞ്ചറി നേടിയ അഭിഷേകിന്‍റെ സ്ട്രൈക്ക് റേറ്റ് 204.63 ആണ്. ശരാശരി 51.50. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും സ്പിന്നര്‍മാര്‍ കൈവിട്ടില്ല. 13 വിക്കറ്റുമായി മുന്നിലുള്ള കുല്‍ദീപിനെയും, അക്സറിനെയും വരുണ്‍ ചക്രവര്‍ത്തിയെയും നേരിടാന്‍ പാക്കിസ്ഥാന്‍ പാടുപെടും.
സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ 91/1 എന്ന നിലയില്‍ മുന്നേറിയ പാക്കിസ്ഥാനെ പിടിച്ചുകെട്ടിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ശിവം ദുബൈ എന്നിവരുടെ ബൗളിങ് മികവില്‍ അവസാന 10 ഓവറിൽ പാക്കിസ്ഥാനെ 80 റൺസില്‍ ഒതുക്കാനായി. ബാറ്റിങില്‍ ഇന്ത്യന്‍ മധ്യനിര പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ബാറ്റിങ് ക്രമത്തില്‍ തുടര്‍ച്ചയായ മാറ്റങ്ങളാണ് ഇതിന് കാരണം. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെ മധ്യനിരയില്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് 42 പന്തിൽ 66 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ഇത് ടീമിന് ആശ്വാസമാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങാണ് മറ്റൊരു പ്രശ്നം. അഞ്ച് ഇന്നിങ്സില്‍ നിന്നായി 71 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.
പാക്കിസ്ഥാന്റെ ബാറ്റിങും ദുര്‍ബലമാണ്. മൂന്നാം നമ്പര്‍ മുതല്‍ ആറാം നമ്പര്‍ വരെയുള്ള ബാറ്റിങ് നിരയുടെ ശരാശരി 18.85 ആണ്. കളിച്ച ആറു കളികളില്‍ നാലിലും സ്കോര്‍ ചെയ്യാന്‍ സൈം അയൂബിനായില്ല. ക്യാപ്റ്റന്‍ സല്‍മാന്‍ അഗയുടെ ശരാശരി 12.80 ആണ്. ഇവിടെ ഓള്‍റൗണ്ടര്‍മാരാണ് പാക്കിസ്ഥാന്‍റെ രക്ഷകര്‍. ഓൾറൗണ്ടർമാരായ ഹുസൈൻ തലത്തും മുഹമ്മദ് നവാസും ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനെതിരെയും രക്ഷകരായി.
ഹസ്തദാന വിവാദവും ആംഗ്യങ്ങളും അടക്കം ഏഷ്യാകപ്പില്‍ നേരത്തെ കളിച്ച രണ്ട് മല്‍സരങ്ങളും കളിക്കപ്പുറം വാര്‍ത്തയായിരുന്നു. മല്‍സരത്തിന് മുന്‍പുള്ള വാര്‍ത്തസമ്മേളനത്തില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍റെ വാര്‍ത്തസമ്മേളനത്തില്‍ ഹസ്താദന വിവാദം ക്യാപ്റ്റന്‍ സല്‍മാന്‍ അഗ വീണ്ടും ഓര്‍മിപ്പിച്ചു. താന്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ഹസ്തദാനം ചെയ്യാതെ ഒരു മത്സരം പോലും അവസാനിച്ചതായി കണ്ടിട്ടില്ലെന്നായിരുന്നു പാക്ക് ക്യാപ്റ്റന്‍ പറഞ്ഞത്. ഫൈനലിലും അസ്വാരസ്യങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് സൂചന.
ടീം റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസപ്രീത് ബുംറയും ശിവം ദുബൈയും തിരിച്ചെത്തിയേക്കും. അര്‍ഷദീപ് സിങ്, ഹര്‍ഷിദ് റാണെ എന്നിവര്‍ പുറത്തിരിക്കും. ശ്രീലങ്കയ്ക്കെതിരെ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയും അഭിഷേക് ശര്‍മയും കളിക്കും എന്ന് തന്നെയാണ് വിവരം.






