Breaking NewsIndiaLead NewsNEWS

സൂപ്പര്‍ താരം എറിഞ്ഞു കൊടുത്ത വെള്ളക്കുപ്പിക്കള്‍ എങ്ങനേയും സ്വന്തമാക്കാന്‍ ആരാധകര്‍ തിക്കും തിരക്കമുണ്ടാക്കി; ആളുകള്‍ മരിച്ചു വീണിട്ടും എസി മുറിയിലിരിക്കാനായി ‘ഇളയ ദളപതി’ സ്‌കൂട്ടായി? പോലീസ് നീലാങ്കരയിലെ വസതി വളഞ്ഞത് സുരക്ഷയ്‌ക്കോ അറസ്റ്റിനോ? എല്ലാ കണ്ണുകളും ‘മുതലമച്ചര്‍’ സ്റ്റാന്‍ലിനില്‍

ചെന്നൈ: കരൂറില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ട്. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. ആകെ ഒന്‍പത് കൂട്ടികളും 17 സ്ത്രീകളും മരിച്ചു. പരിക്കേറ്റ് 51 പേരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും കരൂര്‍ സ്വദേശികളാണ്. വിജയ് സംഭവത്തില്‍ പ്രതിക്കൂട്ടിലാണ്. അറസ്റ്റിനും സാധ്യതയുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

സംഭവത്തില്‍ നടന്‍ വിജയുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിജയ്‌ക്കെതിരെയും കേസെടുക്കാനുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. അറസ്റ്റിനും സാധ്യതയുണ്ട്. വിജയിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയിയുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്.

Signature-ad

സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. അമിതമായ ജനക്കൂട്ടവും ചൂടും കാരണം ആളുകള്‍ തളര്‍ന്നുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയ്പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി. തുടര്‍ന്ന്, തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ തുടങ്ങി. വെള്ളക്കുപ്പികള്‍ പിടിച്ചെടുക്കാനായി ആളുകള്‍ തള്ളിക്കൂടിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നാണ് നിഗമനം. താരം എറിയുന്ന ബോട്ടിലുകള്‍ പിടിക്കാന്‍ ആരാധകര്‍ ആവേശത്തോടെ പാഞ്ഞടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. മരക്കൊമ്പുകളില്‍ ഇരുന്നവര്‍ താഴേക്ക് വീണതും ഇതിനിടെ സംഭവിച്ചു. അങ്ങനെ അതിവേഗം തിക്കും തിരക്കും ദുരന്തമായി മാറി. ആംബുലന്‍സുകള്‍ക്ക് പോലും ജനക്കൂട്ടത്തെ മറികടന്ന് മുമ്പോട്ട് പോകാനായില്ല. ദുരന്ത സ്ഥലത്തിന് തൊട്ടകലെ ആശുപത്രിയുണ്ട്. അവിടേയ്ക്ക് പോലും പരിക്കേറ്റവരെ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇടുങ്ങിയ റോഡും അപകടത്തിന്റെ വ്യാപ്തി കൂട്ടി.

വിജയും സംഘവും ഉച്ചയോടെ കരൂരിലെത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും സ്ഥലത്തെത്തുമ്പോള്‍ രാത്രി ഏഴുമണിയായി. ഇത്രയുംനേരം കാത്തിരുന്ന ജനങ്ങള്‍ അവശരായിരുന്നു. സ്ഥലത്ത് കുടിവെള്ളം ലഭ്യമായിരുന്നില്ല. വെള്ളം കിട്ടാതെ അവശരായവര്‍ക്ക് വിജയ് സഞ്ചരിച്ച വാഹനത്തില്‍നിന്ന് കുപ്പിവെള്ളം എറിഞ്ഞുകൊടുക്കുന്നത് വീഡിയോദൃശ്യങ്ങളില്‍ കാണാം. വെള്ളത്തിനുവേണ്ടിയുള്ള തിക്കും തിരക്കും വന്‍ദുരന്തത്തിന് കാരണമായെന്നാണ് പോലീസ് പറയുന്നു. വിജയിന്റെ കാരവാനൊപ്പം ആളുകള്‍ നീങ്ങി. ഇതും ദുരന്തകാരണമായി. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പോലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ കുട്ടികളെ സഹായിക്കണമെന്നും വിജയ് പറയുന്നുണ്ടായിരുന്നു. അതിനിടെ കരൂരില്‍ തുറസ്സായ സ്ഥലത്ത് റാലി നടത്തണമെന്ന ആവശ്യം ടിവികെ ഭാരവാഹികള്‍ നിരസിച്ചതായി മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ടുതേടി. ഒട്ടേറെ സ്ത്രീകള്‍ കുട്ടികളുമായി പരിപാടിക്കെത്തി. കുട്ടികളെയും ഗര്‍ഭിണികളെയും റാലിയില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതും ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ വിജയിനെ അറസ്റ്റു ചെയ്യാന്‍ സാധ്യത ഏറെയാണ്.

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതിന് ശേഷമാണ് മൃതദേഹം വീട്ടുകൊടുക്കുന്നത്. കരൂര്‍ മെഡിക്കല്‍ കോളേജിലും പരിസരത്തും ജനങ്ങള്‍ അലമുറയിട്ട് കരയുകയാണ്. സംഭവം നടന്നയുടന്‍ പ്രതികരണത്തിനു നില്‍ക്കാതെ ട്രിച്ചി വിമാനത്താവളത്തിലേക്കുപോയ വിജയ് ചെന്നൈയിലേക്കു മടങ്ങിയത് വിവാദമായിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായ സംഭവത്തില്‍ വിജയ് തളര്‍ന്നു. സംഭവത്തില്‍ വിജയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. എന്നാല്‍, രാത്രി 11 മണിയോടെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. ”എന്റെ ഹൃദയം തകര്‍ന്നു. സഹിക്കാനാകാത്ത, പറഞ്ഞറിയിക്കാനാകാത്ത വേദനയില്‍ ഉള്ളംപിടയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്‍മാരോട് നിസ്സീമമായ ആദരമറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് ഉടന്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെ” എന്നാണ് ‘എക്സി’ല്‍ കുറിച്ചത്.

വിജയിനെ അറസ്റ്റു ചെയ്യുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞത്. നാമക്കല്ലില്‍ നിന്നു ട്രിച്ചി എയര്‍പോട്ടില്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ഇറങ്ങി അവിടെ നിന്നു റോഡ് മാര്‍ഗമാണ് വിജയ് കരൂരിലേക്ക് എത്തിയത്. ദുരന്തശേഷം പ്രതികരിക്കാതെ കരൂരില്‍നിന്ന് മടങ്ങിയ വിജയ് പിന്നീട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ചെന്നൈ വിമാനത്താവളത്തിലും മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം സംഭവത്തില്‍ പ്രതികരിച്ച ശേഷമാണു വിജയ്യുടെ സമൂഹമാധ്യമ പോസ്റ്റ് വന്നത്. ചെന്നൈയില്‍ അദ്ദേഹം വിമാനമിറങ്ങിയ ശേഷമാണ് സമൂഹമാധ്യമക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെ വിജയ് ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: