Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ഒരാഴ്ച മുമ്പും കോടതി പറഞ്ഞു: ‘പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട നേതാവ്’; കേള്‍ക്കാതെ വിജയ്; ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന കോടതിയുടെ ചോദ്യം ബാക്കി; മുമ്പു നടന്ന യോഗത്തിലുണ്ടായ അനുഭവം കൊണ്ടും പഠിച്ചില്ല

ചെന്നൈ: സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുന്‍പാണ് മദ്രാസ് കോടതി പറഞ്ഞത്. പിന്നാലെ കരൂരില്‍ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ മരണപ്പെടുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു അന്ന് കോടതിയുടെ ചോദ്യം. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Signature-ad

അതേ സമയം തിക്കിലും തിരക്കിലും 33 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണ്. 16 സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ്. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണു. 45 ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കരൂര്‍ എംഎല്‍എ സെന്തില്‍ ബാലാജി ആശുപത്രിയിലെത്തി. സമീപ ജില്ലകളില്‍ നിന്നുള്ള എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും ഇപ്പോള്‍ കരൂരിലേക്ക് നിയോഗിച്ചിരിക്കുകയാണ്. കുട്ടികള്‍ ചികിത്സിക്കാനുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അടക്കം കരൂരിലേക്ക് എത്തുമെന്ന് സെന്തില്‍ ബാലാജി അറിയിച്ചു.

അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ആംബുലന്‍സുകള്‍ എത്തുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.  സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഠ വെള്ളമോ ഭക്ഷണമോ കിട്ടിയില്ല

ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്നും സ്ത്രീകളും കുട്ടികളും മണിക്കൂറുകള്‍ കാത്തുനിന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിജയ്‌ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍വന്നു. ഈ വാഹനങ്ങള്‍ വഴിയില്‍ തടയേണ്ടതായിരുന്നു. വിജയ് പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വിവരിക്കാനാകാത്ത ദുരന്തമാണ് ഉണ്ടായതെന്നും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും നടപടി അതിനുശേഷമെന്നും സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടയേഡ് ജഡ്ജി അരുണ ജഗദീശന്‍ അന്വേഷിക്കും. തമിഴ്‌നാട് സര്‍ക്കാരില്‍നിന്ന് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അപകട ശേഷം മടങ്ങിയ വിജയ് ഹൃദയം തകര്‍ന്നെന്ന് എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. സഹിക്കാനാകാത്ത വേദനയും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ദുഃഖവുമുണ്ട്. ചികില്‍സയിലുള്ളവര്‍ ഉടന്‍ സുഖംപ്രാപിക്കട്ടെയെന്നും വിജയ് എക്‌സില്‍ കുറിച്ചു. ദുരന്തത്തിന് പിന്നാലെ വിജയ് വിമാനമാര്‍ഗം ചെന്നൈയിലെത്തുകയായിരുന്നു. ഡി.എം.കെയും കോണ്‍ഗ്രസും വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു.

ദുരന്തത്തില്‍ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരൂര്‍ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, അപകടത്തില്‍ പൊലീസിന് വിഴ്ച പറ്റിയിട്ടില്ലെന്ന് തമിഴ്‌നാട് ഡി.ജി.പി പറഞ്ഞു. വിജയ് വരാന്‍ വൈകിയതാണ് അപകടകാരണം. റാലിക്കെത്തിയവര്‍ക്കായി ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഉണ്ടായിരുന്നില്ലെന്നും ഡിജിപി പറഞ്ഞു. ദുരന്തത്തില്‍ സഹായ വാഗ്ദാനവുമായി കേരളവരും രംഗത്തുണ്ട്. കരൂരില്‍ ആവശ്യമെങ്കില്‍ സഹായം ഉറപ്പാക്കുമെന്ന് എം.കെ.സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

eyewitnesses-reveal-shocking-lapses-during-vijay-rally-tragedy-in-karur

Back to top button
error: