സഞ്ജുസാംസണിന്റെയും അഭിഷേക് ശര്‍മ്മയുടെയും വെടിക്കെട്ട് ; ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്ക് എതിരേ കൂറ്റന്‍ സ്‌കോര്‍ ; മൂന്ന് സിക്‌സറുകള്‍ പറത്തി മലയാളി താരം ലങ്കന്‍ ബൗളിംഗിനെ പിച്ചിച്ചീന്തി

ദുബായ്: ശ്രീലങ്കന്‍ ബൗളിംഗിനെ പിച്ചിച്ചീന്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ ഏഷ്യാകപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയും തിലക് വര്‍മ്മയും മലയാളിതാരം സഞ്ജുവും തകര്‍പ്പന്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ 200 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.
ഇതാദ്യമായിട്ടാണ് ഈ ഏഷ്യാകപ്പില്‍ 200 ന് മുകളില്‍ ടെസ്റ്റ് രാജ്യങ്ങള്‍ തമ്മിലുള്ള കളിയില്‍ ഒരു ടീം സ്‌കോര്‍ ചെയ്യുന്നത്. അഞ്ചാമത് ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു 23 പന്തില്‍ 39 റണ്‍സ് അടിച്ചുകൂട്ടി. മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും താരം നേടി. തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 31 പന്തില്‍ 61 റണ്‍സ് നേടി. എട്ടു ബൗണ്ടറികള്‍ നേടിയ ശര്‍മ്മ രണ്ടു സിക്‌സറും പറത്തി.
34 പന്തുകളില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മ്മ നാലു ബൗണ്ടറിയും ഒരു സിക്‌സറും നേടി. വാലറ്റത്ത് 15 പന്തില്‍ 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് സ്്‌കോര്‍ 200 കടത്തിവിട്ടത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് അഭിഷേക് ശര്‍മ്മ അര്‍ദ്ധശതകം കുറിക്കുന്നത്. ഇന്ത്യ ഫൈനലില്‍ കടന്നതിനാലും ശ്രീലങ്ക പുറത്താകുകയും ചെയ്തതിനാലും രണ്ടു ടീമുകള്‍ക്കും മത്സരം അപ്രസക്തമായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗില്‍ സഞ്ജുവിനെ പരീക്ഷിച്ചിരുന്നില്ല. ഇത് ഇന്ത്യയുടെ സ്‌കോര്‍ കുറയാന്‍ കാരണമായിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ അഞ്ചാമത് ഇറങ്ങിയ താരം സ്‌കോറിന്റെ ഗതിവേഗം കൂട്ടുന്നതില്‍ നിര്‍ണ്ണായകമായി.






