കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ നല്‍കണം ; വാങ്ങിയത് എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ; പിടിച്ചെടുത്ത ഡിഫന്‍ഡര്‍ കാറിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

കൊച്ചി: തന്റെ വാഹനമായ ഡിഫന്‍ഡര്‍ പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. ഭൂട്ടാനില്‍ നിന്നുള്ള കാര്‍ കടത്ത് കേസിലാണ് നടന്റെ കാര്‍ പിടിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലെത്തി കസ്റ്റംസ് വാഹനം പിടിച്ചെടുത്തത്. എന്നാല്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുല്‍ഖറിനെ കൂടാതെ നടന്‍ പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും മറ്റൊരു നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലുമാണ് കസ്റ്റംസിന്റെ പരിശോധന നടന്നത്.
പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെ ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തില്‍ എറണാകുളം കുണ്ടന്നൂരില്‍ നിന്ന് ലാന്‍ഡ് ക്രൂസര്‍ പിടികൂടിയതില്‍ ഉടമ മാഹിന്‍ അന്‍സാരിയെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.






