വിജയ് സേതുപതിയെ ആക്രമിച്ച സംഭവം; മലയാളിയായ പ്രതി പിടിയില്‍
ബെംഗളൂരു: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി. ബെംഗളൂരുവിൽ താമസിക്കുന്ന ജോൺസനാണ് മദ്യലഹരിയിലെത്തി ആക്രമിച്ചതെന്നാണ് വിവരം. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെൽഫിയെടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപനം.
കഴിഞ്ഞ രണ്ടാം തീയതി ചൊവ്വാഴ്ച രാത്രിയില്‍ ബംഗളൂരു കെംബേഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അപരിചിതനായ ഒരാള്‍ താരത്തിന്റെ പിറകുവശത്തൂടെ ചാടി ചവിട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സെക്യൂരിറ്റിയുടെയും സ്റ്റാഫ് അംഗങ്ങളുടെയും സമയോചിതമായ ഇടപെടല്‍ മൂലം വിജയ് സേതുപതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് വിജയ് സേതുപതിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം പറഞ്ഞത് ഇങ്ങനെ: ‘സാറും ഞങ്ങളും കൂടി ഫ്ളൈറ്റില്‍ നിന്നും ഇറങ്ങി എക്സിറ്റിലേക്ക് നടക്കുകയായിരുന്നു. ആ സമയത്ത് അപരിചിതനായ ഒരാള്‍ സാറിനോട് സെല്‍ഫി എടുക്കാന്‍ അനുവാദം ചോദിച്ചു. സന്തോഷത്തോടെ സാര്‍ അതിന് സമ്മതം നല്കി. അയാള്‍ അടുത്ത വന്നപ്പോഴാണറിയുന്നത് അയാള്‍ നന്നായിട്ട് മദ്യപിച്ചിരുന്നുവെന്ന്. മദ്യത്തിന്റെ രൂക്ഷഗന്ധം സഹിക്കാന്‍ കഴിയാത്തത് കാരണം സെല്‍ഫി എടുക്കാതെ തന്നെ സാര്‍ മുന്നോട്ടു നടന്നു.
ഞങ്ങള്‍ കുറേ ദൂരം ചെന്നപ്പോഴാണ് പ്രകോപിതനായ അയാള്‍ ഞങ്ങളുടെ പുറകിലൂടെ ഓടി വന്ന് സാറിന്റെ ചുമലിലേക്ക് ചവിട്ടിയത്. എന്നാല്‍ തക്ക സമയത്ത് സെക്യൂരിറ്റിയും ഞങ്ങളും കൂടി ചേര്‍ന്നു അത് തടയുകയാണുണ്ടായത്. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ക്കാണ് ആ ചവിട്ട് കൊണ്ടത്.’