Breaking NewsKeralapolitics

മതേതര നിലപാടിന് എന്തും സഹിക്കും ; ഐഎന്‍എല്ലിനെ കക്ഷത്ത് വെച്ചുകൊണ്ട് യുഡിഎഫിനെ മതേതരത്വം പഠിപ്പിക്കുന്നു ; എംവി ഗോവിന്ദന്‍ അതിന് വേറെ ആളെ നോക്കണമെന്ന് വി.ഡി. സതീശന്‍

കണ്ണൂര്‍: തീവ്രനിലപാടുമായി ലീഗ് വിട്ട ഐഎന്‍എലിനെ കക്ഷത്ത് വെച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തങ്ങളെ മതേതരത്വം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്തു വന്നാലും വര്‍ഗ്ഗീയതയെ എതിര്‍ക്കുകയും മതേതര നിലപാടിനെ നിലനിര്‍ത്തുമെന്നും അതിന്റെ പേരില്‍ വരുന്ന നഷ്ടങ്ങള്‍ സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുമെന്നും പറഞ്ഞു.

മതേതര മൂല്യത്തെ താല്‍ക്കാലിക നേട്ടത്തിനായി വിറ്റ് പണമുണ്ടാക്കില്ല. എംവി ഗോവിന്ദനില്‍ നിന്നും മതേതരത്വം പഠിക്കേണ്ട സാഹചര്യം കോണ്‍ഗ്രസിനില്ലെന്നും അതിന് വേറെ ആളെ നോക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ടു ടേമില്‍ ഭരണം നടത്തിയിട്ടും ഒമ്പത് വര്‍ഷവും ഇല്ലാതിരുന്ന ഈ അയ്യപ്പഭക്തി എവിടെ നിന്നുമാണ് പൊട്ടി വന്നതെന്നും ചോദിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍. സര്‍ക്കാരിനോട് തങ്ങള്‍ ഉയര്‍ത്തിയ ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്.

Signature-ad

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താന്‍ തയ്യാറുണ്ടോ? നാമജപ ഘോഷയാത്രയ്ക്കെതിരേയുള്ള കേസ് പിന്‍വലിക്കുമോ? യോഗി പിണറായിക്ക് പറ്റിയ കൂട്ടുകാരനാണ്. കേരളത്തില്‍ ബിജെപിക്കും വര്‍ഗീയ ശക്തികള്‍ക്കും ഇടംകണ്ടെത്തുന്ന പരിപാടിയാണ് സിപിഐഎം ചെയ്യുന്നത്. വര്‍ഗീയ വാദത്തെ തങ്ങള്‍ പൊളിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനത്തിന് അനുകൂലമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കൊടുത്തിട്ടുള്ളത്.

ആ സത്യവാങ്മൂലം തിരുത്താന്‍ തയ്യാറാകുമോ? കേസുകള്‍ പിന്‍വലിച്ച് ആത്മാര്‍ത്ഥത തെളിയിക്കാമോ? കപടഭക്തിപരിവേഷക്കാരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുന്ന രാഷ്ട്രീയമിഷനാണ് യുഡിഎഫിന്റേതെന്നും വി ഡി സതീശന്‍ പറഞ്ഞു. സമുദായ സംഘടനകള്‍ എല്ലാമായി നല്ല ബന്ധമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. വര്‍ഗീയവാദികള്‍ക്കെതിരായ നിലപാട് എന്‍എസ്എസ് എക്കാലവും സ്വീകരിച്ചിട്ടുണ്ട്. അതൊരു ഉറച്ച നിലപാടാണ്. കോണ്‍ഗ്രസിന് എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായോ തര്‍ക്കങ്ങളില്ലെന്നും സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് വ്യക്തമാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Back to top button
error: