‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്; അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’… താമസിച്ചെത്തിയ മഴ അവധി; തലസ്ഥാനത്ത് കലക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം, പേജില്‍ ‘ട്രോള്‍ മഴ’

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കലക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം. മഴ അവധി പ്രഖ്യാപിച്ചതിലല്ല, അവധി അറിയിച്ചത് താമസിച്ചതിലാണ് കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ രക്ഷിതാക്കള്‍ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
‘കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’. ഒരു രക്ഷിതാവ് തിരുവനന്തപുരം കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചു. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയാറായതിനു ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നാണ് കൂടുതല്‍ പേരും ആക്ഷേപം ഉന്നയിച്ചത്. ‘ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇത് 6.15ന് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുന്‍പ് അപ്‌ഡേറ്റ്’ എന്നാണ് മറ്റൊരു രക്ഷിതാവിന്റെ പരാതി.
അതേസമയം, കലക്ടര്‍ക്കും മുന്‍പേ അവധി വിവരം ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രിയെ പരാമര്‍ശിച്ചും കലക്ടറെ വിമര്‍ശിച്ചവരുണ്ട്. കലക്ടറുടെ ഫെയ്‌സ്ബുക്കില്‍ അവധി വിവരം വരുന്നതിനും 12 മിനിറ്റ് മുന്‍പേ വിവരം അറിയിച്ചാണ് മന്ത്രി കൈയ്യടി നേടിയത്. സാധാരണ മഴ പെയ്യുമ്പോള്‍ അവധി പ്രഖ്യാപിക്കാത്തതിന് കലക്ടര്‍ക്ക് വിദ്യാര്‍ഥികളുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരാറുണ്ട്, അവധി നല്‍കിയപ്പോള്‍ താമസിച്ചതിനു രക്ഷിതാക്കളും വിമര്‍ശനവുമായി എത്തി.






