രോഹിത്തിനു ശേഷം ആര്? നിര്‍ണായക സൂചനകള്‍ നല്കി മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍; ‘അയാള്‍ എ ടീമിനെ മികച്ച രീതിയില്‍ നയിച്ചു; ഞങ്ങള്‍ അത്തരം ഒരാളെ തെരയുകയായിരുന്നു’; എത്തുമോ അയ്യരുടെ തൊപ്പിയില്‍ പൊന്‍തൂവല്‍?

ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്കുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ച ഇന്ത്യന്‍ ക്യാമ്പില്‍ സജീവമാണ്. ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തപ്പോഴും ഏകദിനത്തിലും ട്വന്റി20യിലും മിന്നിത്തിളങ്ങിയ ശ്രേയസ് അയ്യര്‍ എന്ന പ്ലേമേക്കറെ പരിഗണിച്ചില്ല. ഇത് ആരാധകരില്‍ ഉണ്ടാക്കിയ അമ്പരപ്പ് ചില്ലറയായിരുന്നില്ല.
ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റിനു തൊട്ടു മുമ്പു നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഉഗ്രന്‍ ഫോമില്‍ നിന്നിട്ടും എന്തുകൊണ്ട് ശ്രേയസിനെ തഴഞ്ഞു എന്നതായിരുന്നു ആരാധകരുടെ ചോദ്യം.
ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം ശ്രേയസ് ആറുമാസത്തെ അവധി ആവശ്യപ്പെട്ടെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സെയ്ക്കിയ ഒരിക്കല്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി ശ്രേയസിനെ നിയമിച്ചു. ഇപ്പോള്‍ രോഹിത്തിനു ശേഷം ആരാകും ഇന്ത്യയുടെ ക്യാപ്റ്റനെന്ന ചോദ്യമാണ് ഉയരുന്നത്. ഇതേക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയത് മുഖ്യ സെലക്ടറായ അജിത്ത് അഗാര്‍ക്കര്‍ ആണ്. ഇന്ത്യന്‍ എ ടീമിന്റെ ചുമതലക്കാരനാക്കിയത് ഭാവിയില്‍ ഇത്തരം ചുമതലകളില്‍ എങ്ങനെ പ്രകടനം നടത്തുമെന്നു വിലയിരുത്താന്‍ വേണ്ടിയാണ് എന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്.
‘ശ്രേയസ് അയ്യര്‍ മുതിര്‍ന്ന കളിക്കാരനാണ്. അദ്ദേഹം ഐപിഎല്‍ മത്സരങ്ങളിലും നേതൃത്വം വഹിച്ചു. ഇന്ത്യ എ ടീമിനെയും അദ്ദേഹം നയിച്ചു. ഞങ്ങള്‍ നേതൃത്വ ഗുണമുള്ള ആളുകളെ കണ്ടെത്താനുള്ള നീക്കത്തിലാണ്. എ ടീമിലൂടെ ഞങ്ങള്‍ക്ക് അത്തരമൊരു കണ്ടെത്തലിന് അവസരം ലഭിച്ചു’ എന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞത്. അയ്യര്‍ വണ്‍ഡേ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കളിയെക്കുറിച്ചും അഗാര്‍ക്കര്‍ പുകഴ്ത്തി. വണ്‍ഡേയില്‍ അദ്ദേഹത്തിന് ഇനിയും ബാറ്റിംഗ് വിസ്മയം പുറത്തെടുക്കാന്‍ കഴിയും. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലും അദ്ദേഹം നേതൃപാടവം പുറത്തെടുത്തെന്നും അഗാര്‍ക്കര്‍ പറയുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ അയ്യറുടെ പ്രകടനം കഴിഞ്ഞ വര്‍ഷങ്ങളായി നാം കാണുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് എന്നീ ഐപിഎല്‍ ടീമുകളുടെ നായകനായി. 2024ല്‍ കൊല്‍ക്കത്ത കപ്പടിക്കുമ്പോഴും അയ്യര്‍ ആയിരുന്നു ക്യാപ്റ്റന്‍.
രോഹിത് ശര്‍മയ്ക്ക് പകരക്കാരന് ആരാകുമെന്നും ഭാവി ഇന്ത്യന്‍ ക്രിക്കറ്റിനെ ആരു മുന്നില്‍നിന്നു നയിക്കുമെന്നൊക്കെ ചര്‍ച്ച ചെയ്യുമ്പോഴും ഇതുവരെ ശ്രേയസ് അയ്യര്‍ എന്ന ‘അണ്‍സംഗ് ഹീറോ’യെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നില്ല. ക്രീസിലും ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയില്‍ പോലും ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നിശബ്ദനാണ് ശ്രേയസ്. സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യും. എതിര്‍ടീമിന്റെ പ്രകടനം നോക്കി ഫീല്‍ഡിങ് ചേഞ്ചുമായി കളിതിരിക്കും.
ക്യാപ്റ്റന്‍സി ഏറ്റെടുത്ത് സമ്മര്‍ദത്തിലാകുന്ന, സ്വന്തം പെര്‍ഫോമന്‍സ് ബലിനല്കുന്ന താരമല്ല അയ്യര്‍. ക്യാപ്റ്റനായി ആറ് സീസണുകളാണ് കളിച്ചതെങ്കില്‍ അതില്‍ നാലിലും 400 നു മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട് അയാള്‍. ഒന്നര പതിറ്റാണ്ടോളം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അമരത്തിരുന്ന സാക്ഷാല്‍ എം.എസ് ധോണിക്കും ഒരു പതിറ്റാണ്ടോളം ക്യാപ്റ്റന്‍സി റോളിലുണ്ടായിരുന്ന കൊല്‍ക്കത്തയുടെ വിജയനായകന് ഗൗതം ഗംഭീറിനുമൊപ്പമാണ് ചുരുങ്ങിയ സീസണുകള്‍ കൊണ്ട് അയ്യര്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചത്. ക്യാപ്റ്റന്‍സി റെക്കോര്‍ഡ് നോക്കിയാല്‍ 56.35 ശതമാനമാണ് അയ്യരുടെ വിന് റേറ്റ്. 71 മത്സരങ്ങളില്‍നിന്നായി നേടിയ വിജയം 40.
അയ്യര്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ എട്ടു വര്‍ഷം തുടര്‍ച്ചയായി പ്ലേഓഫ് കാണാതെ മടങ്ങേണ്ടിവന്ന സംഘമായിരുന്നു ഡല്‍ഹി. മിക്ക സീസണിലും പോയിന്റെ ടേബിളിന്റെ താഴ്വാരത്തായിരുന്നു സ്ഥാനം. ഏറ്റവും അവസാന സ്ഥാനക്കാരായത് നാല് തവണ. 2018ലാണ് റിക്കി പോണ്ടിങ് ഡല്‍ഹിയുടെ കോച്ച് ആയി ചുമതലയേല്‍ക്കുന്നത്. അന്ന് ഗൗതം ഗംഭീറായിരുന്നു ടീമിന്റെ നായകന്. എന്നാല്‍, സീസണ് പാതിവഴിയില്‍ ഗംഭീര്‍ ക്യാപ്റ്റന്‍സി കുപ്പായം അഴിച്ചു. അന്ന് പോണ്ടിങ് കണ്ടെത്തിയ പുത്തന്‍ താരോദയമായിരുന്നു ശ്രേയസ് അയ്യര്‍. മുഴുസീസണ്‍ ക്യാപ്റ്റനല്ലെങ്കിലും ആ തവണയും ഡല്‍ഹിക്ക് പ്ലേഓഫ് കടക്കാനായിരുന്നില്ല.
എന്നാല്‍, 2019ല്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ പുതിയ പേരും പുത്തന്‍ ഊര്‍ജവും യുവരക്തങ്ങളുമായാണ് ഡല്‍ഹി കളത്തിലിറങ്ങിയത്. ഏഴു വര്‍ഷത്തിനൊടുവില്‍ ടീമിനെ പ്ലേഓഫിലേക്കു നയിച്ചു അയ്യര്‍. എലിമിനേറ്ററില്‍ ഹൈദരാബാദിനെ തകര്‍ത്തെങ്കിലും രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റു മടങ്ങാനായിരുന്നു അന്നു വിധി.
2020ല്‍ പോയ വര്‍ഷം നിര്‍ത്തിവച്ചേടത്തുനിന്നു തുടങ്ങുകയായിരുന്നു അയ്യരും സംഘവും. പഞ്ചാബിനെതിരായ സൂപ്പര്‍ ഓവര്‍ പോരാട്ടം ജയിച്ചു സീസണില്‍ വാശിയേറിയ തുടക്കം. ലീഗ് ഘട്ടത്തില്‍ എട്ടു വിജയവുമായി വീണ്ടും പ്ലേഓഫ് കടന്നു ഡല്‍ഹി. ഒന്നാം ക്വാളിഫയറില്‍ മുംബൈയോട് തോറ്റെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചു ഫൈനലിലേക്കു മാര്‍ച്ച് ചെയ്തു. കലാശപ്പോരില്‍ പക്ഷേ മുംബൈയുടെ പരിചയസമ്പന്നരായ സംഘം ഡല്‍ഹിയുടെ യുവനിരയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചു. കിരീടത്തിനു തൊട്ടരികെ വീണെങ്കിലും ഡല്‍ഹിക്കും അയ്യര്‍ക്കുമതു ചരിത്രനേട്ടമായിരുന്നു.
ഒരു ഗതിയുമില്ലാതെ നടന്ന ടീമിനെ കലാശപ്പോരിലേക്കു നയിച്ചിട്ടും തൊട്ടടുത്ത സീസണില്‍ അയ്യരെ കൈവിടുകയായിരുന്നു ഡല്‍ഹി ചെയ്തത്. ഓയിന്‍ മോര്‍ഗനുശേഷം പുതിയൊരു ക്യാപ്റ്റനെ തപ്പിനടന്ന കെ.കെ.ആറിന് അതു വലിയ അനുഗ്രഹമായി മാറി. അങ്ങനെ 2022ലെ ലേലത്തില്‍ 12.25 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത അയ്യരെ പൊക്കിയത്.
രണ്ടു തവണ ഐ.പി.എല്‍ ചാംപ്യന്മാരാണെന്ന പെരുമയുണ്ടെങ്കിലും കൊല്‍ക്കത്തയുടെ സ്ഥിതിയും പഴയ ഡല്‍ഹിയില്‍നിന്നു അത്ര വ്യത്യസ്തമായിരുന്നില്ല. പ്ലേഓഫിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകാതിരുന്ന സീസണുകള്‍. വമ്പന്‍ താരനിര അണിനിരന്ന, രണ്ടു കിരീടവും മൂന്ന് കലാശപ്പോരുകളും കണ്ട ചരിത്രം പറയാനുണ്ടായിരുവെന്നതു ശരിയാണ്. എന്നാല്‍, ബാക്കി സീസണുകളില്‍ പലതിലും ആരാധകരെ നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു ടീം കാഴ്ചവച്ചത്.

വലിയ പ്രതീക്ഷകളുമായി പുതിയ ടീമിലെത്തിയ അയ്യര്‍ ബാറ്റിങ്ങില്‍ തിളങ്ങിയെങ്കിലും ടീമിനെ പ്ലേഓഫിലെത്തിക്കാനായില്ല. അടുത്ത സീസണില്‍ തിരിച്ചടിയായി സീസണ് പാതിയില്‍ പരിക്കുമെത്തി. നിതീഷ് റാണയാണ് ബാക്കി മത്സരങ്ങളില്‍ ടീമിനെ നയിച്ചത്. ആ സീസണിലും ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
തുടര്‍ച്ചയായ പരാജയങ്ങളുടെ സമ്മര്‍ദത്തിലാണ് 2024ല്‍ വീണ്ടും ക്യാപ്റ്റന്‍സി റോളില്‍ ശ്രേയര്‍ അയ്യര്‍ തിരിച്ചെത്തിയത്. ആദ്യ മത്സരത്തില്‍ ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചായിരുന്നു തുടക്കം. പിന്നീട് തുടര്‍ച്ചയായ ജയങ്ങള്‍. ലീഗ് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ രണ്ടു മത്സരങ്ങള്‍ മഴയെടുത്തത് മാറ്റിനിര്‍ത്തിയാല്‍ ഒന്‍പത് വിജയം. ആകെ തോറ്റത് ചെന്നൈ, രാജസ്ഥാന്, പഞ്ചാബ് ടീമുകളോട് മാത്രം. സുനില്‍ നരൈന് ബാറ്റിങ്ങിലും ബൗളിങ്ങളിലും നിറഞ്ഞാടിയ സീസണ്. എല്ലാ ഡിപാര്‍ട്ട്മെന്റിലും സര്‍വാധിപത്യവുമായി കൊല്‍ക്കത്തയുടെ തേരോട്ടം. ഒടുവില്‍ കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എക്സ്പ്ലോസീവ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു കൊല്‍ക്കത്ത. വെറും 113 റണ്‍സില്‍ ഹൈദരാബാദിനെ എറിഞ്ഞിട്ട ശേഷം 10.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം പിന്നിടുകയും ചെയ്തു. ശ്രേയസ് അയ്യരുടെ തൊപ്പിയില്‍ ആദ്യ ഐ.പി.എല്‍ കിരീടം. കൊല്‍ക്കത്തയ്ക്ക് മൂന്നാമത്തെ ചാംപ്യന്‍ പട്ടവും.
ടീമിന് കിരീടം സമ്മാനിച്ച നായകനെ തൊട്ടടുത്ത മെഗാ ഓക്ഷനില്‍ കെ.കെ.ആര് കൈവിടുന്നതാണ് പിന്നീട് കണ്ടത്. 2024 ഡിസംബറില്‍ നടന്ന ലേലത്തില്‍ പൊന്നും വില നല്കി പഞ്ചാബ് കിങ്സ് അയ്യരെ റാഞ്ചി. 26.75 എന്ന റെക്കോര്‍ഡ് തുകയ്ക്കാണു താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. പുതിയ കോച്ച് റിക്കി പോണ്ടിങ് ടീമിനു നല്കിയ ഉറപ്പായിരുന്നു അത്. അയ്യര്‍ക്കു കീഴില്‍ ടീമിനെ വിജയപാതയിലേക്കു തിരിച്ചെത്തിക്കുമെന്ന ഉറപ്പ്.
ഡല്‍ഹിയുടെയും കൊല്‍ക്കത്തയുടെയും സ്ഥിതി ആലോചിക്കുമ്പോള്‍ അത്യധികം പരിതാപകരമായിരുന്നു പഞ്ചാബിന്റെ അവസ്ഥ. 2014നുശേഷം ആ ടീം പ്ലേഓഫ് കണ്ടിട്ടേയില്ല. ഓരോ ഓക്ഷന് വരുമ്പോഴും കോര്‍ ടീമിനെ മാറ്റിമാറ്റി പരീക്ഷിക്കും. ഓരോ വര്‍ഷവും ക്യാപ്റ്റനെ മാറ്റിക്കൊണ്ടിരിക്കും. എത്ര പരീക്ഷണം നടത്തിയിട്ടും ഒരു ഗതിയും പരഗതിയുമില്ലാതെ നടന്ന ടീമാണ്.
എന്നാല്‍, പോണ്ടിങ്-അയ്യര്‍ എന്ന വിജയസമവാക്യം പഞ്ചാബില്‍ അത്ഭുതങ്ങള്‍ കാണിച്ചു. തുടര്‍വിജയങ്ങളുമായി, എല്ലാ ഡിപാര്‍ട്ട്മെന്റിലും കിടിലന്‍ പെര്‍ഫോമന്‍സുമായി പ്ലേഓഫിലേക്ക് കുതിച്ചിരിക്കുകയാണ് പഞ്ചാബികള്‍. ബാറ്റിങ്ങില്‍ അപാരഫോമില്‍ നായകന് മുന്നില്‍നിന്നു നയിക്കുമ്പോള്‍ ബാക്കി താരങ്ങളെല്ലാം ഗ്രൗണ്ടില്‍ ജീവന് കൊടുത്ത് പോരാടുന്നു. പ്ലേഓഫ് ഉറപ്പിച്ച സംഘത്തിന് ആര്‍സിബിക്കെതിരേ കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രേയസിന്റെ നേതൃപാടവം ആരും മറക്കാന്‍ കഴിയില്ല.
On a day when BCCI secretary Devajit Saikia announced that Shreyas Iyer has sought a six-month break from red-ball cricket citing fitness issues, the top-order batter was also appointed captain of an India A team for an upcoming one-day series with Australia A.
The development sparked speculation over the potential elevation of Iyer as India ODI captain. So when the question was posed to chairman of selectors Ajit Agarkar, he said the India A appointment is a chance for the 30-year-old to further prove his leadership credentials.






